കെ.സുരേന്ദ്രനെ നേരിട്ട് വിളിച്ച് വരുത്തി താക്കീത് നല്കി ആര്‍എസ്എസ്
അഡ്മിൻ
സംസ്ഥാന ബി.ജെ.പിയിലെ ഗ്രൂപ്പ് തര്‍ക്കം പരസ്യമായ സാഹചര്യത്തില്‍ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ വിളിച്ച് വരുത്തി താക്കീത് നല്കി ആര്.എസ്.എസ്. പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ ഇത്രയും വലുതാവുന്നതുവരെ നീട്ടിക്കൊണ്ടുപോയതിലുള്ള അതൃപ്തിയും ആര്.എസ്.എസ് സുരേന്ദ്രനെ അറിയിച്ചു.
കെ. സുരേന്ദ്രനെതിരെ ബി.ജെ.പി കേന്ദ്ര നേതൃത്വത്തിനും ആര്.എസ്.എസിനും ശോഭാ സുരേന്ദ്രന് അടക്കമുള്ള നേതാക്കള്‍ പരാതി നല്കിയ സാഹചര്യത്തിലായിരുന്നു വിളിച്ചുവരുത്തല്‍. ബി.ജെ.പിയുടെ ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം എറണാകുളം എളമക്കരയിലെ ആര്.എസ്.എസ് കാര്യാലയത്തിലേക്ക് സുരേന്ദ്രനെ വിളിച്ചുവരുത്തുകയായിരുന്നു.
നിലവിലെ തര്‍ക്കങ്ങള്‍ ഈ രീതിയില്‍ പോകുകയാണെങ്കില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വലിയ തിരിച്ചടി നേരിടേണ്ടിവരുമെന്നും പരാജയപ്പെട്ട സംസ്ഥാന അധ്യക്ഷനെന്ന പേര് വിളിച്ചുവരുത്തരുതെന്നും സംസ്ഥാന അധ്യക്ഷസ്ഥാനം ഇല്ലാതായാല്‍ രാഷ്ട്രീയ വിസ്മൃതിയിലേക്ക് പോകേണ്ട സ്ഥിതിയുണ്ടാകുമെന്നും ആര്.എസ്.എസ് ഓര്‍മ്മിപ്പിച്ചു. ആര്.എസ്.എസ് പ്രാന്ത പ്രചാരക് ഹരികൃഷ്ണന്, സംസ്ഥാന പ്രാന്തകാര്യവാഹക് ഗോപാലന്‍കുട്ടി മാസ്റ്റര്‍, സംസ്ഥാന സഹപ്രാന്ത കാര്യവാഹക് സുദര്ശന് തുടങ്ങിയവരാണ് യോഗത്തില്‍ ഉണ്ടായിരുന്നത്.