തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് മികച്ച വിജയം നേടും: കോടിയേരി ബാലകൃഷ്ണന്
അഡ്മിൻ
നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് എന്നും ഇടത് മുന്നണി മികച്ച വിജയം നേടുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം ഉയര്‍ത്തിക്കാട്ടുമെന്നും വികസനം ഉയര്‍ത്തിക്കാട്ടി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും അദ്ദേഹം അറിയിച്ചു.
സമാനമായി ദേശീയ തലത്തിലെ സംഭവ വികാസങ്ങള്‍ പ്രധാനപ്പെട്ടതാണെന്നും കോടിയേരി പറഞ്ഞു. ബി.ജെ.പി സര്‍ക്കാര്‍ ഭരണഘടനാനുസൃതമായല്ല പ്രവര്‍ത്തിക്കുന്നത്. ആര്.എസ്എസിന്റെ ഭരണഘടന പ്രകാരമാണ് മോദിയുടെ നേതൃത്വത്തിലുള്ള ഗവണ്മെന്റ് പ്രവര്‍ത്തിക്കുന്നത്. മനുസ്മൃതി നടപ്പിലാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. കോര്‍പറേറ്റ്വത്കരണമാണ് ബിജെപിയുടെ മുഖമുദ്ര. എല്ലാ മേഖലകളിലും കോര്‍പറേറ്റ്വത്കരണം നടപ്പിലാക്കാനാണ് പുതിയ തരത്തില്‍ നിയമങ്ങള്‍ പാര്‍ലമെന്റ് ഭേദഗതി ചെയ്യുന്നത്.
തൊഴിലാളി നിയമങ്ങളില്‍ കാതലായ മാറ്റം വരുത്തിയത് കോര്‍പറേറ്റുകളെ സഹായിക്കാനാണ്. ഇന്ത്യാ ഗവണ്മെന്റ് എടുത്ത നയങ്ങള്‍ രാജ്യത്തെ അമേരിക്കയുടെ കീഴാള രാജ്യമാക്കി മാറ്റി. കേന്ദ്ര സര്‍ക്കാര്‍ സാമ്രാജ്യ താത്പര്യം ഉയര്‍ത്തിപ്പിടിക്കുന്നുവെന്നും ജനകീയ അസംതൃപ്തി ഉയര്‍ന്നുവരുന്നുണ്ടെന്നും കോടിയേരി ചൂണ്ടിക്കാട്ടി.രാജ്യത്തെ മതനിരപേക്ഷ അടിത്തറയ്ക്ക് ആഘാതം സംഭവിച്ചു. കേന്ദ്ര സര്‍ക്കാരിനോടുള്ള പ്രതിഷേധം അറിയിക്കാന്‍ നവംബര്‍ 26ന് ദേശീയ പണിമുടക്ക് നടത്തും. ഈ പണിമുടക്കില്‍ ബി.ജെ പി ഒഴികെയുള്ള എല്ലാ സംഘടനകളും പങ്കെടുക്കുമെന്നും കോടിയേരി പറഞ്ഞു.