ബി.ജെ.പിയുടെ കുതിപ്പിന് ഒരിക്കല്‍ കൂടി ബീഹാര്‍ തടയിടും

ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലമറിയാന്‍ കേവലം ഒരു ദിവസം മാത്രം ശേഷിക്കേ ബി.ജെ.പിയ്ക്ക് തടയിടാനാകുമെന്ന പ്രതീക്ഷയില്‍ മഹാസഖ്യത്തിനൊപ്പം നില്‍ക്കുന്ന ഇടതുപക്ഷം. അദ്വാനി നടത്തിയ രഥയാത്രയെ തടഞ്ഞ മണ്ണാണ് ബീഹാറിന്റെതെന്നും ബി.ജെ.പിയുമായി ഒരിക്കലും കൂട്ടുകൂടാത്ത പാര്‍ട്ടിയാണ് ആര്‍.ജെ.ഡിയെന്നതും നല്‍കുന്ന പ്രതീക്ഷ ചെറുതല്ലെന്ന് സി.പി.ഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി. രാജ അഭിപ്രായപ്പെട്ടു.

‘അദ്വാനി നടത്തിയ രഥയാത്ര തടഞ്ഞ മണ്ണാണ് ബീഹാറിന്റെത്. ബി.ജെ.പിയുമായി ഒരിക്കലും കൂട്ടുകൂടാത്ത ഒരു പാര്‍ട്ടികൂടിയാണ് ആര്‍.ജെ.ഡി. ഇതൊരു പ്രധാനപ്പെട്ട ഘടകമാണ്. വര്‍ഗീയ കക്ഷികളോട് സന്ധിയില്ലാത്ത മതനിരപേക്ഷ പാര്‍ട്ടിയായി തുടര്‍ന്നു പോകാന്‍ ആര്‍.ജെ.ഡിക്ക് കഴിഞ്ഞു. ബി.ജെ.പിയുടെ കുതിപ്പിന് ഒരിക്കല്‍ കൂടി ബീഹാര്‍ തടയിടും,’ ദേശാഭിമാനിക്ക് നല്‍കിയ അഭിമുഖത്തില്‍ ഡി. രാജ പറഞ്ഞു.

‘സംസ്ഥാനത്ത് ജെ.ഡി.യുവിനെയും ബി.ജെ.പിയെയും ജനങ്ങള്‍ ഒരുപോലെ തള്ളികളയും. ഭരണത്തില്‍ മാറ്റമുണ്ടാകും. ഇടതുപക്ഷം കൂടി ഉള്‍പ്പെടുന്ന വിശാലമായ മഹാസഖ്യം ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കും. ഈ ബദല്‍ വിശ്വാസ്യതയുള്ളതും ദൃഢവുമായിരിക്കും. മറുവശത്ത് മോദിയും സംഘവും അസ്വസ്ഥരാണ്. ഒരു ഭരണമാറ്റം അവരും മുന്നില്‍ കാണുന്നുണ്ട്,’ അദ്ദേഹം പറയുന്നു.

09-Nov-2020