ശരിക്കുള്ള കളി തുടങ്ങിയിട്ടേയുള്ളൂ; ജാമ്യം നേടിയ പിന്നാലെ വെല്ലുവിളിയുമായി അര്‍ണബ് ഗോസ്വാമി

സുപ്രീം കോടതിയില്‍ അനുവദിച്ച ഇടക്കാല ജാമ്യം നേടിയ പിന്നാലെ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ വെല്ലുവിളിച്ച് സംഘപരിവാർ അനുകൂല ചാനലായ റിപ്പബ്ലിക് ടി.വി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി. ചാനലിന്റെ സ്റ്റുഡിയോ നിര്‍മ്മിച്ച ഡിസൈനറുടെ ആത്മഹത്യയില്‍ പ്രേരണ കുറ്റം ചുമത്തി മുംബൈ പോലീസ് അറസ്റ്റ് ചെയ്ത അര്‍ണബിന് കഴിഞ്ഞ ദിവസമാണ് ഉപാധികളോടെ ജാമ്യം ലഭിച്ചത്.

അതിന് പിന്നാലെ ഇന്നലെ രാത്രി റിപബ്ലിക് ടി.വിയുടെ സ്റ്റുഡിയോയില്‍ വെച്ചായിരുന്നു അര്‍ണബിന്‍റെ ഭീഷണി.‘ഉദ്ദവ് താക്കറെ, നിങ്ങൾ ഞാന്‍ പറയുന്നത് കേള്‍ക്കൂ. ഇവിടെ നിങ്ങള്‍ പരാജയപ്പെട്ടു. നിങ്ങളെ
ഞാൻ പരാജയപ്പെടുത്തി. പഴയ ഒരു കള്ളക്കേസില്‍ നിങ്ങള്‍ എന്നെ അറസ്റ്റ് ചെയ്തു. എന്നോട് ഒന്ന് ക്ഷമ ചോദിക്കുക പോലും ചെയ്തില്ല. ശരിക്കുള്ള കളി തുടങ്ങിയിട്ടേയുള്ളൂ’– അര്‍ണബ് പറഞ്ഞു.

താന്‍ ജയിലില്‍ ഇരുന്നുകൊണ്ടും ചാനലുകള്‍ ലോഞ്ച് ചെയ്യുമെന്നും നിങ്ങള്‍ക്ക് ഒന്നും ചെയ്യാനാവില്ലെന്നും അര്‍ണബ് കൂട്ടിച്ചേര്‍ത്തു. റിപ്പബ്ലിക് ടി..വിയെ തകര്‍ക്കാനുള്ള എല്ലാ ശ്രമവും ചെറുക്കും. താന്‍ ഈ ചാനലിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും എല്ലാ ഭാഷയിലും ചാനല്‍ സംപ്രേഷണം ചെയ്യുമെന്നും അര്‍ണബ് പറഞ്ഞു.

12-Nov-2020