തെരഞ്ഞെടുപ്പിൽ കടുത്ത ജാഗ്രത വേണം; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

സംസ്ഥാനത്തെ തിരഞ്ഞെടുപ്പിൽ കടുത്ത ജാഗ്രത വേണമെന്ന മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. കോവിഡ് ബാധിതരുടെ എണ്ണം അഞ്ചുലക്ഷം കടന്നതിന് പിന്നാലെയാണ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. പതിനൊന്ന് ദിവസത്തിനിടെ 287 പേരുടെ മരണം സ്ഥിരീകരിച്ച സംസ്ഥാനത്ത് രോഗമുക്തിക്ക് ശേഷവും മരണങ്ങൾ കൂടുന്നത് ആശങ്കയുയർത്തുകയാണ്. ഓണാഘോഷത്തെ തുടർന്നുണ്ടായ ക്ളസ്റ്റ‌റുകളാണ് രോഗവ്യാപനമുണ്ടാക്കിയത് എന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം.

അഞ്ചുലക്ഷം പേർക്ക് രോഗം സ്ഥിരീകരിച്ചെങ്കിൽ ഇതിന്റെ ഇരുപതിരട്ടി പേർക്ക് രോഗം വന്നു പോയിട്ടുണ്ടാകാമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.രോഗമുക്തി നേടിയ ശേഷവും ഗുരുതരാവസ്ഥയിലേക്കും മരണത്തിലേക്കും നീങ്ങുന്നവരുടെ എണ്ണമാണിപ്പോൾ ആശങ്ക കൂട്ടുന്നത്. ജനുവരി 30ന് ആദ്യ രോഗബാധ സ്ഥിരീകരിച്ച സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം 500 കടന്നത് മൂന്നു മാസം പിന്നിട്ട് മേയ് ആദ്യവാരമാണ്.

12-Nov-2020