സര്‍ക്കാര്‍ രൂപീകരണം; ബീഹാറില്‍ സാധ്യതകള്‍ തേടി മഹാസഖ്യം
അഡ്മിൻ
ബീഹാറിൽ സർക്കാർ രൂപീകരണത്തിന് 110 സീറ്റ് നേടിയ മഹാസഖ്യവും സാധ്യത തേടുന്നു. സര്‍ക്കാരുണ്ടാക്കാന്‍ 12 സീറ്റുകള്‍ കൂടിയാണ് മഹാസഖ്യത്തിന് ആവശ്യമായി വരിക. എഐഎംഐഎം, എച്ച്.എ.എം, വി.ഐ.പി പാർട്ടികളുടെ നേതൃത്വത്തെ മഹാസഖ്യം ഇതിനോടകം സമീപിച്ചു. വി.ഐ.പി നേതാവ് മുകേഷ് സഹാനിക്ക് ഉപമുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്താണ് നീക്കം.
എന്‍.ഡി.എ വിടാന്‍ തയ്യാറല്ലെന്ന് ചർച്ചക്കെത്തിയവരോട് അറിയിച്ചതായി വി.ഐ.പിയും എച്ച്.എ.എമ്മും പ്രതികരിച്ചു. തുടർ സാധ്യതകള്‍ ആരായാന് തേജസ്വി യാദവിന്റെ വസതിയില്‍ മഹാസഖ്യം യോഗം ചേർന്നു. അപ്പോഴും എങ്ങുമെത്താതെ നിൽക്കുകയാണ് 125 സീറ്റ് നേടിയ എന്‍.ഡി.എയുടെ സർക്കാർ രൂപീകരണ ചർച്ചകള്‍.
ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയും വികശീല്‍ ഇന്‍സാന്‍ പാര്‍ട്ടിയും എന്ത് നിലപാടാണ് എടുക്കുന്നതെന്ന് നോക്കാമെന്നായിരുന്നു തേജസ്വി നേരത്തെ പാര്‍ട്ടി നേതാക്കളെ അറിയിച്ചിരുന്നത്. എന്‍.ഡി.എയുടെ നീക്കം നിരീക്ഷിച്ച ശേഷം കാര്യങ്ങള്‍ തീരുമാനിക്കാമെന്ന നിലപാടിലായിരുന്നു തേജസ്വി. അതേസമയം അല്പസമയത്തിനകം മഹാസഖ്യം മാധ്യമങ്ങളെ കാണുമെന്നും റിപ്പോര്‍ട്ടുണ്ട്.