കിഫ്‌ബിക്കെതിരെ നടക്കുന്നത് രാഷ്‌ട്രീയ ഗൂഢാലോചന: തോമസ് ഐസക്ക്

കേരളത്തിന്റെ വികസന പദ്ധതികളെ തുരങ്കം വയ്‌ക്കുന്നതിന് സി.എ.ജിയെ ഉപയോഗിക്കുകയാണെന്ന ആരോപണവുമായി ധനമന്ത്രി തോമസ് ഐസക്ക്. കെ ഫോൺ, ലൈഫ്മിഷൻ, ഇ- മൊബിലിറ്റി പദ്ധതികൾ തകർക്കാൻ ഇ. ഡി ശ്രമിക്കുന്നുവെന്ന് ഐസക്ക് കുറ്റപ്പെടുത്തി. കിഫ്ബിക്കെതിരേ ബി.ജെ.പിക്കാർ നൽകിയ പരാതിയിൽ കോൺഗ്രസ്സ് നേതാവ് മാത്യു കുഴൽനാടനാണ് ഹൈക്കോടതിയിൽ ഹാജരാകുന്നതെന്നും ഐസക്ക് ആരോപിച്ചു.

ഹൈക്കോടതിയിൽ സ്വദേശി ജാഗരൺ മഞ്ച് നേതാവ് രഞ്ജിത്ത് കാർത്തികേയൻ ഹർജി നൽകിയത്. വികസന പദ്ധതികൾക്കായി വായ്‌പയെടുക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നാണ് കേസിലെ ആവശ്യം. വികസന പദ്ധതികൾക്ക് വായ്‌പയെടുക്കുന്നത് എങ്ങനെയാണ് ഭരണഘടനാ വിരുദ്ധമാകുന്നതെന്ന് പ്രതിപക്ഷനേതാവ് അറിയിക്കണമെന്ന് ധനമന്ത്രി തോമസ് ഐസക്ക് ആവശ്യപ്പെട്ടു.

കേസുയർത്തുന്ന ഗൗരവമായ രാഷ്ട്രീയ പ്രശ്‌നങ്ങളുണ്ട്. പ്രതിപക്ഷ നേതാവും കെ.പി.സി.സി പ്രസിഡന്റും ഇതിന് മറുപടി നൽകിയേ തീരൂവെന്നും തോമസ് ഐസക്ക് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

14-Nov-2020