മലപ്പുറം: മലപ്പുറത്ത് ലീഗിൽ കൂട്ടരാജി.വെൽഫെയർ പാർട്ടി അടക്കമുള്ള തീവ്രവാദ സംഘടനകളുമായുള്ള കൂട്ടുകെട്ടിൽ പ്രതിഷേധിച്ചാണ് മുസ്ലിം ലീഗിൽ നിന്ന് കൂട്ടരാജി. കണ്ണമംഗലം, മേലാറ്റൂർ, തിരൂർ മണ്ഡലത്തിലെ പൂക്കയിൽ എന്നിവിടങ്ങളിലെ പ്രവർത്തകരാണ് രേഖാമൂലം രാജി ജില്ലാ നേതൃത്വങ്ങളെ അറിയിച്ചിരിക്കുന്നത്.വെൽഫെയർ പാർട്ടിയുമായി ഉണ്ടാക്കിയ ധാരണയും സ്ഥാനാർത്ഥി നിർണയത്തിലെ വിഭാഗീയതയും പ്രാദേശിക നേതാക്കളുടെ കൂട്ടരാജിക്ക് കാരണമായി.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് തെട്ടു പിന്നാലെയാണ് ജില്ലയുടെ വിവിധ വാർഡുകളിലെ ഔദ്യോഗിക പദവികൾ വഹിക്കുന്നവരുടെ കൂട്ടരാജി എന്നതും ശ്രദ്ധേയമാണ്.
മുസ്ലിം ലീഗിന്റെ ചുമട്ട് തൊഴിലാളി സംഘടനയായ എസ്‌ടിയു സംസ്ഥാന സെക്രട്ടറിയും കർഷക തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ കെ കെ ഹംസ, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രവർത്തക സമിതി അംഗം കെ പി ഉമ്മർ എന്നിവർ രാജി വച്ച പ്രമുഖ നേതാക്കളിൽപ്പെടുന്നു. കണ്ണമംഗലം ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡിൽ റിബൽ സ്ഥാനാർത്ഥിയായി മത്സര രംഗത്തുള്ള ഹംസക്ക് എൽഡിഎഫ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.