പി.ജെ ജോസഫിന് തിരിച്ചടി; സംസ്ഥാന നേതാക്കളും പ്രവര്‍ത്തകരും സി.പി.ഐ.എമ്മില്‍ ചേര്‍ന്നു

യു.ഡി.എഫ് പക്ഷത്ത് നിലകൊള്ളുന്ന കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് തിരിച്ചടി. പാര്‍ട്ടിയില്‍ നിന്നും സംസ്ഥാന നേതാക്കളും പ്രവര്‍ത്തകരും സി.പി.ഐ.എമ്മില്‍ ചേര്‍ന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഈ നീക്കം ജോസഫ് വിഭാഗത്തിന് കനത്ത തിരിച്ചടിയായിരിക്കും. കേരള കോണ്‍ഗ്രസിന്റെ സംസ്ഥാന നേതാക്കളായിരുന്ന കൊടുവള്ളി കുഞ്ഞഹമ്മദ് അധികാരിയുടെ മകനും ജോസഫ് വിഭാഗം സംസ്ഥാന സമിതി അംഗവും കൊടുവള്ളി മണ്ഡലം പ്രസിഡണ്ടുമായ അത്തിയത്തിന്റെ നേതൃത്വത്തിലുള്ളവരാണ് പാര്‍ട്ടി ജോസഫ് പക്ഷം വിട്ടത്.

യുഡിഎഫ് മുന്നണിയില്‍ ഘടകകക്ഷികളില്‍ നേരിട്ട അതൃപ്തിയാണ് പാര്‍ട്ടി വിട്ടതിന് കാരണമെന്നാണ് സൂചന. യൂത്ത് ഫ്രണ്ട് കൊടുവള്ളി മണ്ഡലം പ്രസിഡണ്ട് ഷംസു അസ്മാസ് , സിദ്ധിഖ് കോതൂര്‍, അഹമ്മദ് കുട്ടി ഒതയോത്ത്, അബൂബക്കര്‍, പട്ടിണിക്കര, മുനീര്‍ പി.സി, ബഷീര്‍ കോതൂര്‍, ഷമീര്‍, ഷഫീഖ് തുടങ്ങിയര്‍ ഉള്‍പ്പെടെ 90 പേരാണ് സി.പി. ഐഎമ്മില്‍ ചേര്‍ന്നത്. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് വിഭജന ചര്‍ച്ചകള്‍ പുരോഗമിക്കവെയാണ് മുന്നണി വിട്ടത്.

17-Nov-2020