സി.എ.ജിയുടെ വാദമുഖങ്ങൾ കേരളത്തെ എത്തരത്തിൽ ബാധിക്കുമെന്നതാണ് വിഷയം: മന്ത്രി തോമസ് ഐസക്

സി. എ. ജി റിപ്പോർട്ട് കരടാണോ അന്തിമമാണോ എന്നതല്ല വിഷയമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. സി. എ. ജിയുടെ വാദമുഖങ്ങൾ കേരളത്തെ എത്തരത്തിൽ ബാധിക്കുമെന്നതാണ് വിഷയം. സി. എ. ജി എടുക്കുന്ന നിലപാട് കെ ഫോൺ, ട്രാൻസ്ഗ്രിഡ് തുടങ്ങി പദ്ധതികളെ അട്ടിമറിക്കുന്നതാണ്. യു. ഡി. എഫ് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണം. അതല്ലാതെ റിപ്പോർട്ട് അന്തിമമാണോ കരടാണോ എന്നു പറഞ്ഞ് പുകമറ സൃഷ്ടിക്കുകയല്ല വേണ്ടതെന്നും തോമസ് ഐസക്ക് പറഞ്ഞു.

കിഫ്ബി വായ്പ്പകൾ ഓഫ് ബഡ്ജറ്റ് വായ്പകളല്ല. അത് ഇന്ത്യയിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ചെയ്യുന്നുണ്ട്. ഇതൊക്കെ സംസ്ഥാന സർക്കാരിന്റെ പ്രത്യക്ഷ ബാദ്ധ്യതകളല്ല. ഉത്തമ ബോദ്ധ്യത്തിന്റെ അടിസ്ഥാനത്തിലാണ് താൻ കരട് റിപ്പോർട്ടെന്ന് പറഞ്ഞത്. കിഫ്ബിക്ക് തനത് വരുമാനമില്ല. സി. എ. ജി ഓഡിറ്റ് നടത്തിയ സമയത്ത് കിഫ്ബി ആകെ വായ്പയെടുത്തത് മുവായിരത്തിൽപ്പരം കോടി രൂപയാണ്.

ഒരു ഘട്ടത്തിലും സർക്കാരുമായി ആലോചിക്കാതെ ഏകപക്ഷീയമായ തീരുമാനം അടിച്ചേൽപ്പിക്കുകയാണെന്നും തോമസ് ഐസക്ക് ചൂണ്ടിക്കാട്ടി. ഇന്ന് കേരളത്തിലങ്ങോളം ഇങ്ങോളം നിർമ്മാണം ആരംഭിച്ച രണ്ടായിരത്തോളം സ്‌കൂളുകൾ, അവിടെ വിന്യസിക്കുന്ന ഐ.ടി ഉപകരണങ്ങൾ, താലൂക്കാശുപത്രികളുടെ പുനർനിർമ്മാണം. ആയിരക്കണക്കിന് കിലോമീറ്റർ നീളം വരുന്ന റോഡുകൾ, കെ ഫോൺ പദ്ധതി, കേരളത്തിലെ വൈദ്യുതിക്ഷാമം എന്നേക്കുമായി പരിഹിക്കാൻ സാധിക്കുന്ന ട്രാൻസ്ഗ്രിഡ്, വ്യവസായ പാർക്കുകൾ.. ഇങ്ങനെ ഏവർക്കും വേണ്ട കേരളം മുഴുവനായി നടപ്പാക്കേണ്ട പദ്ധതികളെ അട്ടിമറിക്കാനുള്ള വഴിയാണ് സി.എ.ജി ഒരുക്കുന്നത്.

ഈ ഗുരുതര വിഷയത്തിൽ യു.ഡി.എഫിന്റെ നിലപാട് എന്താണ് എന്നാണ് നാല് ദിവസമായി ഞാൻ ചോദിക്കുന്നത്. എന്നാൽ അന്നേരം സിഎജി റിപ്പോർട്ട് അന്തിമമാണോ അതോ കരടാണോ എന്നാണ് ചർച്ച ചെയ്യുന്നത്. എന്താണ് സി.എ.ജി എടുത്ത നിലപാട്. ഒന്ന് കിഫ്ബിയുടെ വായ്പകൾ ഓഫ് ബജറ്റാണ്. അതായത് ബജറ്റിൽ വരാത്ത രീതിയിലാണ് കിഫ്ബി വായ്പ എടുക്കുന്നത്. ഇത് രാജ്യത്തെ പല സർക്കാരുകളും ചെയ്യുന്നുണ്ട്.

ബജറ്റിൽ ഞാൻ പ്രഖ്യാപിച്ച പദ്ധതികളാണ് കിഫ്ബി ഫണ്ടിലൂടെ നടപ്പാക്കുന്നത്. മോട്ടോർ വാഹന നികുതിയും പെട്രോൾ സെസും കിഫ്ബി ഫണ്ടിലേക്കാണെന്ന് ബജറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. രണ്ടാമത്തെ കാര്യം കിഫ്ബി എടുക്കുന്ന വായ്പകളെല്ലാം സർക്കാർ തിരിച്ചടയ്ക്കണം എന്നതാണ്. കിഫ്ബിയ്ക്ക് തനതു വരുമാനം ഇല്ലാത്തതിനാൽ ഈ ബാധ്യത സർക്കാരിന്റെ തലയിൽ വരും എന്നാണ് ആരോപണം. ഇപ്പോൾ പ്രത്യക്ഷ ബാധ്യതയില്ല.

വിശദമായ റിപ്പോർട്ടുകൾ തയ്യാറാക്കി പരിശോധിച്ച ശേഷമാണ് കിഫ്ബി ഒരോ പദ്ധതിയും അംഗീകരിക്കുന്നത്. വായ്പ എടുത്ത തുകയുടെ തിരിച്ചടവ് എത്ര വരും എന്ന് കിഫ്ബി കൃത്യമായി പരിശോധിക്കും. സി.എ.ജി ചെയ്യേണ്ടത് ഈ മോഡലിൽ വല്ല തെറ്റുമുണ്ടോ എന്നു പറയുകയാണ് വേണ്ടത്. ഭാവി ബാധ്യതകൾ കിഫ്ബിയിൽ റിഫ്‌ലക്ട് ചെയ്യുന്നില്ല എന്നാണ് സിഎജി പറയുന്നത്. എന്ത് അടിസ്ഥാനത്തിലാണ് ഈ ആരോപണം അവർ ഉന്നയിക്കുന്നത്. ഇതൊരു കോർപ്പറേറ്റ് ബോഡിയാണ്. നിയമം ഉണ്ടാക്കിയപ്പോൾ തന്നെ അക്കാര്യം പറയുന്നുണ്ട്.

ഇവിടെ സംസ്ഥാന സർക്കാരല്ല കിഫ്ബി ഈ കോർപ്പറേറ്റ് ബോഡിയാണ് വായ്പ എടുക്കുന്നത്. കോർപ്പറേറ്റ് ബോഡിക്ക് വായ്പ എടുക്കാമോ എന്ന് ആർ.ബി.ഐ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ വിദേശവായ്പയ്ക്ക് കേന്ദ്രാനുമതി എന്ന വാദം അവിടെ നിൽക്കട്ടെ. ഇനി ഇതൊക്കെ പോട്ടെ ഇത്തരം ആശങ്കയോ സംശയമോ സിഎജിക്ക് ഉണ്ടെങ്കിൽ എന്തു കൊണ്ട് അതിൽ വ്യക്തത വരുത്തിയില്ല.

കരട് റിപ്പോർട്ട് അയച്ചപ്പോൾ ഇല്ലാത്ത കാര്യം എങ്ങനെയാണ് ഇപ്പോൾ വരുന്നത്. എത്ര വലിയ ഗൂഢാലോചനയാണ് കേരളത്തിനെതിരെ നടക്കുന്നത്. എജിയും കേരള സർക്കാരും തമ്മിൽ അഭിപ്രായ ഭിന്നത ഉണ്ടാവാം. എന്നാൽ അദ്ദേഹം പോലും പറയാത്ത കാര്യങ്ങളാണ് ഡൽഹിയിൽ നിന്നും എഴുതി പിടിപ്പിച്ചു വിട്ടത്.

എല്ലാ വികസനവും തടയാനുള്ള ശ്രമമാണ്. സിഎജി ഒരു കാര്യവും ചർച്ച ചെയ്യുന്നില്ല. സി.എ.ജിയുടെ കരട് റിപ്പോർട്ടിൽ പരാമർശിക്കാത്ത കാര്യമാണ് അന്തിമ റിപ്പോർട്ടിൽ വന്നത്. കേന്ദ്ര നിർദ്ദേശം പ്രകാരം ചില കൂട്ടിച്ചേർക്കലുകൾ അന്തിമ റിപ്പോർട്ടിൽ വന്നിട്ടുണ്ട്. എല്ലാ കീഴ് വഴക്കങ്ങളും മറികടന്ന് ആണ് ഓഡിറ്റ് നടത്തിയത്. സംസ്ഥാന സർക്കാരുമായി ചർച്ച ചെയ്ത കാര്യമാണ് അന്തിമ റിപ്പോർട്ടിൽ വരുന്നത്. അതാണ് കീഴ്വഴക്കം. അത് കൊണ്ടാണ് അന്തിമ റിപോർട്ട് ആണെന്ന നിഗമനത്തിൽ എത്തിയത്. കിഫ്ബിയിലെ അവിശ്വാസം ഒരു ഘട്ടത്തിലും സിഎജി സർക്കാരിന് മുന്നിൽ ഉന്നയിച്ചിട്ടില്ല.

നിയമസഭയിൽ എത്തും മുൻപ് സി.എ.ജിയുടെ അന്തിമറിപ്പോർട്ട് പുറത്തു വിട്ടത് ചട്ടലംഘനമാണെങ്കിൽ അതിനെ നേരിടാം. അവകാശ ലംഘനം നേരിടാം. അതൊന്നും വിഷയമല്ല- മന്ത്രി തോമസ് ഐസക് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

17-Nov-2020