രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നേടാന്‍ ബി.ജെ.പി കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നു എന്ന് തൃണമൂല്‍

പശ്ചിമ ബംഗാളില്‍ തൃണമൂലിലെ പല നേതാക്കളും നിയമവിരുദ്ധമായി ധാരാളം പണം സമ്പാദിച്ചിട്ടുണ്ടെന്നും അവരെയെല്ലാം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിനെ വിട്ട് പരിശോധിപ്പിക്കുമെന്നുമുള്ള ഭീഷണിയുമായി സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷ്.

ഇ.ഡിയുടെ റെയ്ഡില്‍ നിന്ന് ആരെയും ഒഴിവാക്കില്ലെന്നും സംസ്ഥാനത്ത് ടി.എം.സി സര്‍ക്കാരിന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടിരിക്കുന്നു എന്നും ഘോഷ് പറഞ്ഞു. എന്നാല്‍ ഘോഷിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി തൃണമൂല്‍ നേതാവും എം.പിയുമായ സൗഗാത റോയിയും രംഗത്തെത്തി.

‘തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നേടാന്‍ ബി.ജെ.പി കേന്ദ്ര സര്‍ക്കാര്‍ഏജന്‍സികളായ ഇ.ഡി, സി.ബി.ഐ എന്നിവയെ എങ്ങനെ ഉപയോഗിക്കുന്നുവെന്ന് ഈ പ്രസ്താവനകള്‍ തെളിയിക്കുന്നു. അനേക വര്‍ഷങ്ങളായി ബംഗാളില്‍ ധാരാളം കേസുകള്‍ ഇ.ഡിയും സി.ബി.ഐയും കൈകാര്യം ചെയ്യുന്നുണ്ട്. അവയിലൊന്നും തന്നെ യാതൊരു ക്രമക്കേടും നടന്നിട്ടില്ല. ഇതുപോലുള്ള ചിരിപ്പിക്കുന്ന അഭിപ്രായങ്ങള്‍ പറയുന്നത് ഘോഷ് അവസാനിപ്പിക്കണം’ – സൗഗാത റോയ് പറഞ്ഞു.

18-Nov-2020