പാലാരിവട്ടം പാലം അഴിമതി: വി. കെ ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് അറസ്റ്റ് ചെയ്തു

കൊച്ചിയിലെ വിവാദമായ പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ മന്ത്രി വി. കെ ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ കൊച്ചിയിലെ ലേക്ക്ഷോർ ആശുപത്രിയിൽ എത്തിയാണ് ചികിത്സയിൽ കഴിയുന്ന ഇബ്രാഹിംകുഞ്ഞിൻ്റെ അറസ്റ്റ് വിജിലൻസ് രേഖപ്പെടുത്തിയത്.

ചോദ്യം ചെയ്യാനായി രാവിലെ കളമശ്ശേരിയിലെ ഇബ്രാഹിം കുഞ്ഞിൻ്റെ വീട്ടിലെത്തിയ വിജിലൻസ് സംഘത്തിന് അദ്ദേഹത്തിൻ്റെ ഭാര്യയെ മാത്രമാണ് അവിടെ കണ്ടെത്താനായത്. ഇബ്രാഹിംകുഞ്ഞ് എവിടെയെന്ന് ആരാഞ്ഞ വിജിലൻസ് സംഘത്തോട് അദ്ദേഹം അസുഖബാധിതനായി കൊച്ചിയിലെ ലേക്ക് ഷേർ ആശുപത്രിയിലാണെന്നായിരുന്നു ഭാര്യ നല്‍കിയ മറുപടി.

ഇന്നലെ ഉച്ചവരെ സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമായിരുന്ന ഇബ്രാഹിംകുഞ്ഞ് ഇതിനിടയിൽ ആശുപത്രിയിൽ അഡ്മിറ്റായ വിവരം മാത്രം വിജിലൻസ് അറിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഇബ്രാഹിം കുഞ്ഞ് കൊച്ചിയിലെ ലേക്ക് ഷോർ ആശുപത്രിയിൽ അഡ്മിറ്റ് ആയതെന്നാണ് വിവരം.

18-Nov-2020