എന്താണ് കിഫ്ബിയിലെ പിയർ റിവ്യൂ ഓഡിറ്റ് ?; വിശദീകരണവുമായി കിഫ്ബി
അഡ്മിൻ
സ്വപ്‌ന സുരേഷുമായും എം. ശിവശങ്കറുമായും ബന്ധമുള്ള പി.വേണുഗോപാലാണ് കിഫ്ബിയുടെയും ഓഡിറ്റർ എന്ന ആരോപണത്തെ പ്രതിരോധിച്ച് കിഫ്ബി. കിഫ്ബിയുടെ പല തലങ്ങളിലുളള ഓഡിറ്റിങ്ങിൽ ഒന്നു മാത്രമാണ് പിയർ റിവ്യൂ ഓഡിറ്റിങ്.
കിഫ്ബിക്ക് ഫണ്ട് നൽകുന്ന വിദേശഏജൻസികൾക്ക് ഓഡിറ്റ് വിവരങ്ങൾ അന്താരാഷ്ട്ര ധനകാര്യ റിപ്പോർട്ടിങ് മാനദണ്ഡങ്ങളു(INTERNATIONAL FINANCIAL REPORTING STANDARDS) മായി പൊരുത്തപ്പെടുത്തി കൈമാറുക എന്നതാണ് പിയർ റിവ്യൂ ഓഡിറ്ററുടെ ചുമതല. സ്റ്റാറ്റിയൂട്ടറി ഓഡിറ്റ് , ഇന്റേണൽ ഓഡിറ്റ് ,സി.എ.ജി ഓഡിറ്റ്, എഫ്ടാക് തുടങ്ങി പല തലത്തിലുള്ള ഓഡിറ്റിൽ ഒന്നുമാത്രമാണ് പിയർ റിവ്യൂ ഓഡിറ്റ് എന്നും കിഫ്ബി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നു.
മൂന്നു തവണ ടെൻഡർ വിളിച്ച് എല്ലാ ന്യൂനതകളും പരിഹരിച്ചാണ് സൂരി ആൻഡ് കോ എന്ന സ്ഥാപനത്തെ പിയർ റിവ്യു ഓഡിറ്ററായി കിഫ്ബി നിയമിച്ചത്. രാജ്യത്താകെ 7 ഓഫിസുകൾ ഉള്ള ഈ സ്ഥാപനത്തിന്റെ കോൺടാക്ട് പേഴ്‌സൺ ആയി സ്ഥാപനം തന്നെ നിർദേശിച്ച ആൾ മാത്രമാണ് പി.വേണുഗോപാൽ എന്നും കുറിപ്പിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
എന്താണ് കിഫ്ബിയിലെ പിയർ റിവ്യൂ ഓഡിറ്റ് ? എങ്ങനെയാണ് പിയർ റിവ്യൂ ഓഡിറ്ററെ കിഫ്ബി നിയമിക്കുന്നത് ?
“കിഫ്ബി ആക്ട് അനുശാസിക്കുന്നതനുസരിച്ച് കിഫ്ബിയിലെ ഓഡിറ്റ് നടത്തേണ്ടത് സ്റ്റാറ്റിയൂട്ടറി ഓഡിറ്ററാണ്. അതേസമയം കിഫ്ബിക്ക് ഫണ്ട് നൽകുന്ന വിദേശധനകാര്യ ഏജൻസികൾക്ക് ഓഡിറ്റ് വിവരങ്ങൾ നൽകേണ്ടതുണ്ട്. അതിനായി ഈ ഓഡിറ്റ് വിവരങ്ങളെ ഇന്റർനാഷനൽ ഫിനാൻഷ്യൽ റിപ്പോർട്ടിങ് സ്റ്റാൻഡാർഡ്‌സുമായി (IFRS)പൊരുത്തപ്പെടുത്തേണ്ടതുണ്ട്.ഈ ചുമതലയാണ് പിയർ റിവ്യൂ ഓഡിറ്റർക്കുള്ളത്. ഓരോ രാജ്യത്തെയും ഓഡിറ്റിങ് രീതികളിൽ വരുന്ന വ്യത്യാസങ്ങൾ ഒഴിവാക്കി യാഥാർഥ ചിത്രം വിദേശ ഫണ്ടിങ് ഏജൻസികൾക്ക് ലഭ്യമാക്കുന്നതിനാണ് പിയർ റിവ്യൂ ഓഡിറ്റിങ്.
അഞ്ചുവർഷ കാലയളവിലേക്കാണ് കിഫ്ബി പിയർ റിവ്യൂ ഓഡിറ്ററെ നിയമിക്കുന്നത്. സ്റ്റാറ്റിയൂട്ടറി,പിയർ റിവ്യൂ ഓഡിറ്റർമാരെ തിരഞ്ഞെടുക്കാനുള്ള നിർദേശം കിഫ്ബിയുടെ 37 ആം ജനറൽ ബോഡിയിൽ വച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നിയമനത്തിനുള്ള മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ കിഫ്‌ബോർഡ് അംഗങ്ങൾ ഉൾപ്പെടുന്ന ഉപസമിതിയെ നിയോഗിച്ചു.ഉപസമിതി നിശ്ചയിച്ച മാനദണ്ഡങ്ങൾ അനുസരിച്ച് ഇ-ടെൻഡറുകൾ ക്ഷണിക്കുകയും നിശ്ചയിച്ച സമയത്തിനുള്ളിൽ മൂന്നു ബിഡ്ഡർമാർ ടെൻഡറിൽ പങ്കെടുക്കുകയും ചെയ്തു. ഈ ബിഡ്ഡുകൾ പരിശോധിക്കാൻ ഒരു ടെക്‌നിക്കൽ ഇവാല്യുവേഷൻ കമ്മിറ്റിക്ക് (ടിഇസി)രൂപം കൊടുത്തു. 2020 ഫെബ്രുവരി 11ന് നടന്ന ടിഇസി യോഗം റീടെണ്ടർ ചെയ്യാൻ ഏകകണ്ഠമായി തീരുമാനിച്ചു.ടെക്‌നിക്കൽ പ്രൊപ്പോസിലിനൊപ്പം ഫിനാൻഷ്യൽ പ്രൊപ്പോസലും ഉൾപ്പെടുത്തിയതാണ് റീ ടെൻഡറിലേക്ക് നയിച്ചത്. റീടെൻഡറിങ്ങിന്റെ ഭാഗമായി ലഭിച്ച ബിഡുകൾ മാർച്ച് ആറിനാണ് തുറന്നത്.വർമാ ആൻഡ് വർമ ,സൂരി ആൻഡ് കോ എന്നിങ്ങനെ രണ്ടു സ്ഥാപനങ്ങളാണ് സ്റ്റാറ്റിയൂട്ടറി ഓഡിറ്റർക്കുള്ള ബിഡുകൾ സമർപ്പിച്ചിരുന്നത്. കർശനമായ ഇവാല്യൂവേഷൻ പ്രക്രിയയ്ക്ക് ശേഷം വർമ ആൻഡ് വർമയെ ടി.ഇ.സി കിഫ്ബിയുടെ സ്റ്റാറ്റിയൂട്ടറി ഓഡിറ്ററായി 5 വർഷത്തേക്ക് തിരഞ്ഞെടുത്തു.
അതേസമയം പിയർ റിവ്യൂ ഓഡിറ്റർക്കുള്ള ബിഡ് സമർപ്പിക്കേണ്ട അവസാനദിവസം വരെ ഒരേ ഒരു കമ്പനി മാത്രമാണ് താൽപര്യപത്രം സമർപ്പിച്ചത്. സിങ് ആൻഡ് അസോസിയേറ്റ്‌സ് ആയിരുന്നു ഈകമ്പനി. എന്നാൽ ആദ്യടെൻഡറിലും പങ്കെടുത്തിരുന്ന ഈ സ്ഥാപനം അന്നു സമർപ്പിച്ചിരുന്ന ഓഡിറ്റർ ഫീസിന്റെ ഇരട്ടിയാണ് രണ്ടാം തവണ ക്വാട്ട് ചെയ്തത്. എന്നാൽ ഇത് ന്യായീകരിക്കത്തക്കതല്ല എന്ന വിലയിരുത്തലിനെ തുടർന്ന് ടി.ഇ.സി വീണ്ടും റീടെൻഡറിങ്ങിന് ശുപാർശ ചെയ്യുകയായിരുന്നു.
പിയർ റിവ്യൂ ഓഡിറ്റർക്കുള്ള മൂന്നാം റീ ടെൻഡറിങ്ങിൽ രണ്ടു സ്ഥാപനങ്ങളാണ് പങ്കെടുത്തത്. വിജയകുമാർ ആൻഡ് ഈശ്വരൻ, സൂരി ആൻഡ് കോ എന്നിവയായിരുന്നു ഈ സ്ഥാപനങ്ങൾ. എന്നാൽ ടെൻഡർ മാനദണ്ഡങ്ങൾ പാലിച്ചില്ല എന്നതു കൊണ്ട് വിജയകുമാർ ആൻഡ് ഈശ്വരനെ പരിഗണിക്കേണ്ടതില്ല എന്നു ടെക്നിക്കൽ ഇവാല്യുവേഷൻ കമ്മിറ്റി കണ്ടെത്തി.
പൂർണ സമയ ചാർ്‌ട്ടേഡ് അക്കൗണ്ടന്റുമാർ,പ്രഫഷനൽ സ്റ്റാഫിന്റെ എണ്ണം, വാർഷിക ടേണോവർ,ശരാശരി ലാഭം,നിയമപരമായ തെളിവ് രേഖകൾ എന്നീ മാനദണ്ഡങ്ങളിൽ നിശ്ചിത മാർക്ക് ടി.ഇ.സിയുടെ വിലയിരുത്തലിൽ നേടാൻ കഴിയാത്തതിനെ തുടർന്നാണ് വിജയകുമാർ & ഈശ്വരൻ പുറത്തായത്. അതുകൊണ്ടുതന്നെ മാനദണ്ഡങ്ങൾ പാലിച്ച് ബിഡ്ഡിൽ പങ്കെടുത്ത സൂരി ആൻഡ് കോയെ തിരഞ്ഞെടുക്കുകയും അഞ്ചുവർഷത്തേക്ക് പിയർ റിവ്യൂ ഓഡിറ്ററായി നിയമിക്കുകയും ആയിരുന്നു.
1949ൽ ചെന്നൈയിൽ സ്ഥാപിതമായ ചാർട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനമാണ് സൂരി ആൻഡ് കോ.ചെന്നൈയിലേതടക്കം 7 ഓഫിസുകളാണ് ഈ സ്ഥാപനത്തിനുള്ളത്.പൊതുമേഖലാ ബാങ്കുകളിലെ സ്റ്റാറ്റിയൂട്ടറി ഓഡറ്റിങ്ങിൽ 22 വർഷത്തെയും സംസ്ഥാന-കേന്ദ്ര സ്ഥാപനങ്ങളിലെ ഓഡിറ്റിങ്ങിൽ 49 വർഷത്തെയും അനുഭവപരിചയവും ഈ സ്ഥാപനത്തിനുണ്ട്.
ഈ സ്ഥാപത്തിലെ കോൺടാക്ട് പേഴ്‌സൺ ആയി പി വേണുഗോപാലിനെയാണ് സ്ഥാപനം നിർദേശിച്ചിരുന്നത്.
18-Nov-2020
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ