സംസ്ഥാനങ്ങളിലെ സി.ബി.ഐ അന്വേഷണങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി നിര്‍ബന്ധം: സുപ്രീം കോടതി
അഡ്മിൻ
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ സി.ബി.ഐ നടത്തുന്ന അന്വേഷണങ്ങള്‍ക്ക് ഇനിമുതല്‍ അതത് സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി നിര്‍ബന്ധമാണെന്ന് സുപ്രീം കോടതി. സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ അന്വേഷണത്തിനാണ് മുന്‍കൂര്‍ അനുമതി വേണ്ടത്. അനുമതിയില്ലാതെ നടത്തുന്ന അന്വേഷണം ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരാണെന്നും കോടതി നിരീക്ഷിച്ചു.
യു.പിയില്‍ നിന്നുള്ള ഒരു കേസിലാണ് സുപ്രീം കോടതിയുടെ ഈ സുപ്രധാന ഉത്തരവ്. അതേസമയം സ്വകാര്യ വ്യക്തികള്‍ക്കെതിരെ കേസെടുക്കാനും അന്വേഷണം നടത്താനും സി.ബി.ഐക്ക് തടസമില്ല. എന്നാല്‍ സര്‍ക്കാര്‍ ജീവനക്കാരോ സംവിധാനങ്ങളോ ഉള്‍പ്പെട്ട കേസുകളാണെങ്കില്‍ സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി വേണമെന്നാണ് കോടതിയുടെ ഉത്തരവില്‍ പറയുന്നത്.
കേരളത്തില്‍ ഉള്‍പ്പെടെ നേരത്തെ പല കേസുകളിലും സംസ്ഥാന സര്‍ക്കാരുകളുടെ അനുമതിയില്ലാതെ സി.ബി.ഐ ഇടപെട്ടത് വിവാദമായിരുന്നു. ഇതിനെ തുടര്‍ന്ന് കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ അനുമതിയില്ലാതെ സി.ബി.ഐ അന്വേഷണം അനുവദിക്കില്ലെന്ന് തീരുമാനിച്ചു.കേരളത്തിന് പുറമേ രാജസ്ഥാന്, ഛത്തീസ്ഗഡ്, ബംഗാള്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളും സി.ബി.ഐ അന്വേഷണത്തിനുള്ള അനുമതി പിന്‍വലിച്ചിരുന്നു.