നവംബർ 19 സഖാവ് ഓ.ജെ ജോസഫിൻറെ ഇരുപത്തിയൊമ്പതാം ചരമവാർഷിക ദിനം

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകനേതാക്കളിൽ ഒരാളായ ഒ.ജെ.ജോസഫിന്റെ 29 ാം ചരമവാർഷികമാണ് നവംബർ 19. ചരമവാർഷിക ദിനത്തിൽ ഒ.ജെ ജോസഫിന്റെ മകനും മാധ്യമ പ്രവർത്തകനുമായ ലാലു ജോസഫ് ഫേസ് ബുക്കിലെഴുതിയ അനുസ്മരണക്കുറിപ്പ് ശ്രദ്ധേയമാകുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

 

നവംബർ 19 സഖാവ് ഓ.ജെ ജോസഫിൻറെ ഇരുപത്തിയൊമ്പതാം ചരമവാർഷിക ദിനമാണിന്ന്.

ആരായിരുന്നു ഓ.ജെ എന്ന പേരിലറിയപ്പെട്ടിരുന്ന ഈ പൊതുപ്രവർത്തകൻ എനിക്കും എൻറെ രണ്ടു പെങ്ങന്മാർക്കും (ലീന ലെതി) പപ്പ . പിതാവ്.

ഒരുപാടുപേർക്കദ്ദേഹം കമ്മ്യൂണിസ്റ്റുകാരനും സുഹൃത്തും ട്രേഡ് യൂണിയൻ നേതാവും സ്വാതന്ത്ര്യസമരസേനാനിയും ആയിരുന്നു

പുതിയ തലമുറയിൽപ്പെട്ട കമ്മ്യൂണിസ്റ്റ് പാർട്ടി സി.പിഐ(എം) പ്രവർത്തകർക്കദ്ദേഹത്തെക്കുറിച്ച് അധികമൊന്നും അറിയാനിടയില്ല

91 നവംബറിൽ അദ്ദേഹത്തിൻറെ മരണശേഷം കേരള നിയമസഭയിലും രാജ്യസഭയിലും നടന്ന അനുസ്മരണങ്ങളിൽ പറയുന്നതുപോലെ സ്വാതന്ത്ര്യ സമര കാലത്ത് ബ്രിട്ടീഷുകാരുടെ അതീവ സുരക്ഷയുള്ള ജയിൽ എ.കെ.ജിക്കൊപ്പം ചാടിക്കടന്ന് ചരിത്രം കുറിച്ച സ്വാതന്ത്രസമരസേനാനി. അവർക്കൊപ്പം കോഴിക്കോടുനിന്നുള്ള പി ശേഖരനമുണ്ടായിരുന്നു, അദ്ദേഹവുമിപ്പോഴില്ല.

മതിലിനു ചുറ്റും ജയിൽ കോമ്പൗണ്ടിനുള്ളിൽ അരയാൾ പൊക്കത്തിൽ വൈദ്യുതി കടത്തിവിട്ട കമ്പിവേലി ഉണ്ടായിരുന്നു. ജയിൽ മതിലിന്റെ വിടവിലൂടെ ജയിൽ വളപ്പിൽ മേയാനെത്തിയ ആട് കമ്പി വേലിയിൽ തട്ടി തെറിക്കുന്നത് കണ്ടപ്പോഴാണ് അതിൽ വൈദ്യുതി കടത്തിവിട്ടിട്ടുണ്ടെന്ന് മൂവരും മനസ്സിലാകുന്നത്

കമ്പിളി വസ്ത്രത്തിലൂടെ വൈദ്യുതി ഗമനം ചെയ്യുകയില്ല എന്ന് സ്കൂൾ ക്ലാസുകളി ൽ പഠിച്ച പ്രാഥമിക വിവരം വെച്ച് എകെജി, ഓജയ്ക്ക് നല്ല പനിയാണെന്നും ചൂട് കിട്ടാനായി കമ്പിളി വസ്ത്രം വേണമെന്നും ജയിൽ ഡോക്ടറായ സായിപ്പിനോട് ആവശൃമറിയിച്ചു. മൂന്നുപേർക്കും കമ്പിളി വസ്ത്രം സംഘടിപ്പിച്ചു.

ജയിലറയുടെ ഭിത്തി തുരന്ന് വൈദ്യുതിയുള്ള കമ്പിവേലിയിൽ കമ്പിളി പുതപ്പിട്ട് അതിൽ പിടിച്ച് വേലി കടന്ന് മതിൽ ചാടിയാണ് അന്നവർ ജയിലിൽ നിന്ന് രക്ഷപ്പെട്ടത്.

ഒരുപക്ഷേ ഈ സംഭവവും പിന്നീടുണ്ടായ അനുഭവപാഠങ്ങളും ആയിരിക്കാം അന്തരിച്ച സഖാവ് സി. ഭാസ്കരൻ രചിച്ച അറിയപ്പെടാത്ത ഓ.ജെ എന്ന ചിന്ത പ്രസിദ്ധീകരിച്ച പുസ്തകത്തിൽ ഓ.ജെയെക്കുറിച്ച് ധീരതയുടെ ആൾരൂപം എന്ന് വിശേഷിപ്പിക്കാൻ ഇടയായത്

ഓ.ജെക്ക് അന്ത്യോപചാരമർപ്പിക്കാൻ സിപി ജോണിനൊപ്പം വന്ന സഖാവ് എം. വി രാഘവൻ (അന്നദ്ദേഹം മന്ത്രിയായിരുന്നു) തന്നോട് കുശലം ചോദിച്ച അന്നത്തെ സി.പി.ഐ(എം) സംസ്ഥാന കമ്മിറ്റി അംഗവും മുൻ കൊല്ലം മേയറുമായ സഖാവ് പത്മലോചനനോട് പറഞ്ഞതിങ്ങനെയാണ് എടോ പപ്പാ നിൻറെ പാർട്ടിയിൽ നട്ടെല്ലുള്ള ഒരുത്തനും കൂടിപ്പോയി അദ്ദേഹമാണ് ഈ അകത്ത് മരിച്ചു കിടക്കുന്നത്. അച്ഛൻ മരിച്ച ദുഖത്തിലായിരുന്ന മകൻറെ മനസ്സിലേക്കിതു കയറിയില്ലന്ന്. പിന്നീട് ഒരു തിരിച്ചറിവുണ്ടായി ധീരനും നട്ടെല്ലുള്ളവനുമായിരുന്നു എൻറെ അപ്പൻ എന്ന്.

പലരും ഓർക്കാത്ത ഒന്നുണ്ട്. 1964ൽ സി.പി.ഐ.എം രൂപീകൃതമായതു മതൽ 1991 നവംബർ വരെ തിരുവനന്തപുരം ജില്ലയിൽ സിപിഐഎമ്മിന് രണ്ട് ജില്ലാ സെക്രട്ടറിമാരേഉണ്ടായിട്ടുള്ളൂ കാട്ടായിക്കോണം വി. ശ്രീധറും ഓ.ജെ ജോസഫും. (ഇടയ്ക് ചില താൽക്കാലിക ചുമതലയുണ്ടായിട്ടുണ്ട്) പിന്നീടിങ്ങോട്ട് 1991 നവംബർ മുതൽ 2020 നവംബർവരെ സഖാക്കൾ എം. സത്യനേശൻ എം. വിജയകുമാർ പിരപ്പൻകോട് മുരളി കടകംപള്ളി സുരേന്ദ്രൻ ഇപ്പോൾ ആനാവൂർ നാഗപ്പൻ എന്നിവർ തിരുവനന്തപുരം ജില്ലാ സെക്രട്ടറിമാരായി.

ഓ.ജെയെക്കുറിച്ച് ഈ തലമുറയ്ക്കറിയാത്ത ഒരുപാടുകാര്യങ്ങളുണ്ട് അതൊക്കെ ഇവിടെ വിവരിച്ച് എൻറെ പിതാവ് മഹാനായിരുന്നു എന്നു സമർഥിക്കാൻ ശ്രമിക്കുന്നില്ല തൊഴിലാളിവർഗ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിൽ അണുവിട വൃതി ചലിക്കാത്ത നല്ല കമ്മ്യൂണിസ്റ്റും ട്രേഡ് യൂണിയനിസ്റ്റുമായിരുന്നു അദ്ദേഹം എന്ന് ഒരുപാട് ആളുകൾ ഓർക്കുന്നുണ്ടാവും. സാഷ്ടാംഗം പ്രണമിച്ച് ആദരാഞ്ജലികളർപ്പിക്കുന്നു.

https://www.facebook.com/lalujosephOJ/posts/10218043152926736

19-Nov-2020