ഏതെങ്കിലും ചാനല്‍ ചര്‍ച്ചകളില്‍ വന്നിരുന്നാല്‍ ഉത്തരം മുട്ടുന്നവരല്ല ഞങ്ങള്‍: എ.എന്‍ ഷംസീര്‍

കഴിഞ്ഞ ദിവസം അഡ്വ. എ ജയശങ്കര്‍ പങ്കെടുത്ത ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ബഹിഷ്‌കരിച്ചതില്‍ വിശദീകരണവുമായി എ.എന്‍ ഷംസീര്‍ എം.എല്‍.എ. കഴിഞ്ഞദിവസത്തെ ചര്‍ച്ച ആസൂത്രിതമായിരുന്നു. എ ജയശങ്കര്‍ പങ്കെടുത്ത ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് മുന്‍കൂട്ടി ചാനല്‍ മേധാവികളെ അറിയിച്ചതാണ്.ഏതെങ്കിലും ചാനല്‍ ചര്‍ച്ചകളില്‍ വന്നിരുന്നാല്‍ ഉത്തരം മുട്ടുന്നവരല്ല. ഞങ്ങള്‍ ഉത്തരം പറയാന്‍ സാധിക്കുന്നവരാണ്. ഏഷ്യാനെറ്റിന് മുന്നില്‍ വിനീത വിധേയനായി ഇരിക്കേണ്ട ഗതികേട് കേരളത്തിലെ സി.പി.ഐ.എമ്മിനില്ലെന്നും ഷംസീര്‍ പറഞ്ഞു.

എ.എന്‍ ഷംസീറിന്റെ പ്രതികരണം പൂര്‍ണ്ണ രൂപം:

ഏതെങ്കിലും ചാനല്‍ ചര്‍ച്ചകളില്‍ വന്നിരുന്ന് ഉത്തരം മുട്ടുന്നവരല്ല. ഞങ്ങള്‍ ഉത്തരം പറയാന്‍ സാധിക്കുന്നവരാണ്. യാതൊരു പ്രതിരോധത്തിന്റേയും പ്രശ്നമില്ല. പ്രതിരോധത്തിലായ ഘട്ടങ്ങളില്‍ പോലും ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തവരാണ്. എന്നാല്‍ ഇന്നലത്തെ ചര്‍ച്ചയില്‍ നടന്നത് ആസൂത്രിതമാണ്.

ഭരണകക്ഷിയെ പ്രതിനിധീകരിച്ചുകൊണ്ട് ഇന്നലത്തെ ചര്‍ച്ചയില്‍ പങ്കെടുക്കേണ്ടവരാണ് സി.പി.ഐ.എം. എന്നാല്‍ ഞങ്ങളേക്കാള്‍ പരിഗണന എന്തുകൊണ്ട് രാഷ്ട്രീയ നീരീക്ഷകരുടെ വേഷമണിഞ്ഞ് വരുന്ന ഇടതുപക്ഷ വിരുദ്ധന്മാര്‍ക്ക് കൊടുക്കുന്നു. ഞങ്ങള്‍ എല്ലാ രാഷ്ട്രീയ നിരീക്ഷകരേയും എതിര്‍ക്കുന്നില്ലല്ലോ ? ഇടതുപക്ഷ നിരീക്ഷകന്‍, വലതുപക്ഷ നിരീക്ഷകന്‍ എന്നൊക്കെ പറഞ്ഞ് അവര്‍ വരട്ടെ. പ്രശ്നമില്ല. എന്നാല്‍ ഈ നിരീക്ഷന്മാരുടെ മുഖമൂടി ഇനി പൊളിക്കാതെ മുന്നോട്ട് പോകാന്‍ കഴിയില്ല. ഇടതുപക്ഷത്തിന്റെ നിരീക്ഷകനെന്ന് പറഞ്ഞ് മുഖ്യമന്ത്രിയേയും പാര്‍ട്ടിയേയും പാര്‍ട്ടി സെക്രട്ടറിമാരേയും ആക്രമിക്കുന്നത് സ്ഥിരം ശൈലിയാണ്. അതിനാലാണ് ഇത്തരമൊരു നിലപാടിലേക്ക് എത്തിയത്.

പാലാരിവട്ടം പാലം അഴിമതി സംബന്ധിച്ച് സമൂഹത്തിന് ബോധ്യമുണ്ട്. അത് പൊളിക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കിയതാണ്. ഈ പശ്ചാത്തലത്തിലാണ് മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്തത്. അദ്ദേഹം മന്ത്രിയായപ്പോള്‍ പറഞ്ഞിരുന്നു 'എനിക്ക് കുഞ്ഞാലിക്കുട്ടിയുടെ ചെരുപ്പിന്റെ വാര്‍ അഴിക്കാന്‍ യോഗ്യതയില്ലെന്ന്. ലോകത്തേതെങ്കിലും രാഷ്ട്രീയ നേതാവ് അങ്ങനെ പറയുമോ. ഇത് ഇവിടം കൊണ്ടൊന്നും തീരുന്നതല്ല. ഇത് സമഗ്ര അന്വേഷണത്തിലേക്ക് പോയാല്‍ ഈ ഫണ്ട് എവിടേക്ക് പോയെന്ന് കണ്ട് പിടിക്കാം. ഞങ്ങള്‍ ചര്‍ച്ചയില്‍ ഉന്നയിക്കാന്‍ വിചാരിച്ച വിഷയവും അത് തന്നെയാണ്.

എന്തുകൊണ്ടാണ് ഇബ്രാഹിം കുഞ്ഞിനെ ലീഗ് സംരക്ഷിക്കുന്നതെന്ന് അറിയണം. ലീഗ് സി.എച്ച് മുഹമ്മദ് കോയയുടെ പാര്‍ട്ടിയാണ്. മന്ത്രിസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ 'ഒരുപക്ഷെ എന്റെ സമുദായം എന്നെ കൈവിട്ടേക്കാം. എന്നാല്‍ എന്റെ സമുദായത്തെക്കുറിച്ച് അഴിമതിക്കാരനെന്ന് പറയാന്‍ ഇടവരുത്തില്ല' എന്ന് പ്രഖ്യാപിച്ച നേതാവാണ് സി.എച്ച്. എന്നാല്‍ ഇന്ന് അത് അഴിമതിക്കാരുടെ പാര്‍ട്ടിയാണ്. ഇന്നത്തെ ലീഗിന്റേയും യു.ഡി.എഫിന്റേയും മുഖംമൂടി പൊളിച്ചെഴുതാന്‍ കിട്ടിയ അവസരമായിരുന്നു.

എന്തുകൊണ്ട് ഞങ്ങള്‍ ആ തീരുമാനത്തിലെത്തിയെന്നത് ആ ചാനലാണ് ചിന്തിക്കേണ്ടത്. പാര്‍ട്ടി കൃത്യമായി ചാനല്‍മേധാവികളെ അറിയിച്ചിട്ടും ഏഷ്യാനെറ്റിന് മുന്നില്‍ വിനീതവിധേയനായി ഇരിക്കേണ്ട ഗതികേട് കേരളത്തിലെ സി.പി.ഐ.എമ്മിനില്ല. ചാനലിന്റെ താരാട്ട് കേട്ടല്ല ഞങ്ങള്‍ വളര്‍ന്നത്. ചാനലുകളല്ല ഇടതുപക്ഷത്തേയും പാര്‍ട്ടിയേയും വളര്‍ത്തിയത്. ചാനലുകള്‍ക്ക് മുന്നില്‍ ഓച്ഛാനിച്ചുനില്‍ക്കുന്ന വലതുപക്ഷത്തെ നിങ്ങള്‍ക്ക് കാണാം. അതില്‍ നിങ്ങള്‍ സി.പി.ഐ.എമ്മിനെ പെടുത്തണ്ട. അഴിമതിക്കൊരു വോട്ട് എന്ന യു.ഡി.എഫ് മുദ്രാവാക്യം അറംപറ്റിയിരിക്കുകയാണ്.

19-Nov-2020