കെ. സുരേന്ദ്രന്‍ ഏകാധിപതിയെ പോലെ പ്രവര്‍ത്തിക്കുന്നു; ബി.ജെ.പി നേതൃയോഗത്തില്‍ വിമര്‍ശനം

ഇന്ന് രാവിലെ കൊച്ചിയില്‍ ആരംഭിച്ച ബി.ജെ.പിയുടെ സംസ്ഥാന നേതൃയോഗത്തില്‍ കെ. സുരേന്ദ്രനെതിരെ പി.കെ കൃഷ്ണദാസ് ,ശോഭാ സുരേന്ദ്രന്‍ പക്ഷങ്ങള്‍. കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് അല്ലാതെ മറ്റൊന്നും ചര്‍ച്ച ചെയ്യില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞെങ്കിലും പാര്‍ട്ടിയിലെ വിഭാഗീയത യോഗത്തില്‍ നേതാക്കള്‍ ഉന്നയിക്കുകയായിരുന്നു. കെ. സുരേന്ദ്രന്‍ പുലര്‍ത്തുന്നത് സ്റ്റാലിനിസ്റ്റ് മനോഭാവമാണെന്നും ഏകാധിപതിയെ പോലെയാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നതെന്ന വിമര്‍ശനവുമാണ് പി.കെ കൃഷ്ണദാസ് പക്ഷവും ശോഭാ സുരേന്ദ്രന്‍ പക്ഷവും പ്രധാനമായും യോഗത്തില്‍ ഉന്നയിച്ചത്.

സംഘടനയിലെ കേവലം അധികാരമോഹിയായി ചിത്രീകരിച്ചും വ്യക്തിഹത്യ നടത്തിയും ഒറ്റപ്പെടുത്തി പാര്‍ട്ടിയില്‍ നിന്ന് പുറത്തു ചാടിക്കാന്‍ മുരളീധര പക്ഷം ഗൂഢാലോചന നടത്തിയെന്നും ഇതിന്റെ ഭാഗമായി ഇപ്പോളും തങ്ങള്‍ക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ തുടരുകയാണെന്നും ശോഭ സുരേന്ദ്രന്‍ പക്ഷം യോഗത്തില്‍ ആരോപിച്ചു.

മാത്രമല്ല, പ്രശ്ന പരിഹാരത്തിനായി വിഷയത്തില്‍ കേന്ദ്രനേതൃത്വം ഇടപെട്ടേ തീരൂവെന്നും നേതാക്കള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.കേരളമാകെ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്ന നൂറിലേറെ വരുന്ന നേതാക്കളേയും ജില്ലാ മണ്ഡലം പഞ്ചായത്തു തലത്തില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കളെയും ഗ്രൂപ്പിന്റെ പേരില്‍ മാറ്റി നിര്‍ത്തിയിരിക്കുകയാണെന്നു ഇവര്‍ യോഗത്തില്‍ ആരോപണം ഉയര്‍ത്തി.

20-Nov-2020