എറണാകുളം ജില്ലയിൽ എല്ലാ സീറ്റിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ കഴിയാതെ എൻ.ഡി.എ

തദ്ദേശ തെരഞ്ഞെടുപ്പില്‍ നാമനിർദേശ പ്രതിക സമർപ്പണം പൂർത്തിയായപ്പോഴും എറണാകുളം ജില്ലയിൽ മുഴുവൻ സീറ്റിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ കഴിയാതെ എൻ.ഡി.എ മുന്നണി. ജില്ലയിലെ മുഴുവന്‍ സീറ്റുകളിലേക്കും എന്‍.ഡി.എ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനായിരുന്നു ബി.ജെ.പി തീരുമാനം. ഇതിന്‍റെ ഭാഗമായി വാര്‍ഡ് തലത്തില്‍ 17 അംഗ തെരഞ്ഞെടുപ്പ് മാനേജ്മെന്‍റ് കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു.

പക്ഷെ തെരഞ്ഞെടുപ്പ് അടുത്തതോടെ പലയിടത്തും മത്സരിക്കാന്‍ ആളെ നിര്‍ത്താന്‍ പാര്‍ട്ടിക്കായില്ല. കൂത്താട്ടുകുളം നഗരസഭയില്‍ പകുതി സീറ്റില്‍ പോലും സ്ഥാനാര്‍‌ത്ഥികളെ കണ്ടെത്താന്‍ എന്‍.ഡി.എക്കായില്ല. ജില്ലയിലെ പ്രധാനനഗരസഭകളായ പിറവത്തും കോതമംഗലത്തും മൂവാറ്റുപുഴയിലും എല്ലാ വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥികളില്ല.

ഇതിനെ തുടര്‍ന്ന് പലയിടത്തും സഖ്യകക്ഷികള്‍ക്ക് സീറ്റ് നല്‍കിയെങ്കിലും അവര്‍ക്കും സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനുമായില്ല. നിലവില്‍ കോതമംഗലം താലൂക്കിലെ എട്ട് പഞ്ചായത്തുകളിലാണ് എന്‍.ഡി.എ സഖ്യത്തിന് എല്ലാ സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ കഴിയാതെ പോയത്. പുതിയ പ്രതിസന്ധിയില്‍ സ്വന്തം സ്ഥാനാർത്ഥികളില്ലാത്ത സ്ഥലങ്ങളിൽ സ്വതന്ത്രർക്കും പിന്തുണ നൽകാനാണ് ബി.ജെ.പിയുടെ തീരുമാനം.

22-Nov-2020