സംസ്ഥാനത്തിന്റെ അധികാരത്തെ ഇ.ഡി വെല്ലുവിളിക്കുന്നു: മന്ത്രി തോമസ് ഐസക്
അഡ്മിൻ
കേരളത്തിന്റെ അധികാരത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വെല്ലുവിളിക്കുന്നുവെന്ന് സംസ്ഥാന ധനമന്ത്രി ടി. എം തോമസ് ഐസക്. മസാല ബോണ്ടില്‍ ഇ.ഡിയുടെ അന്വേഷണം നടക്കുന്നത് അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. കേന്ദ്ര ഏജന്‍സിയുടെ നടപടി കേരള നിയമസഭയോടുള്ള അവഹേളനമാണ്. സംസ്ഥാനസര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണ് നടത്തുന്നതെന്നും തോമസ് ഐസക് പറഞ്ഞു.
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാനാണ് ഇ.ഡി, അല്ലാതെ ഭരണഘടന വ്യാഖ്യാനം ചെയ്യാനല്ല. അതിന് ഇവിടെ കോടതിയുണ്ട്. ഭരണഘടനയുണ്ടാക്കാന്‍ നിയമസഭയുണ്ട്. റിസര്‍വ് ബാങ്ക് അനുമതി നല്‍കിയത് ഭരണഘടനാനുസൃതമല്ലെന്ന പരാമര്‍ശം പിടിച്ച് അന്വേഷണം കൊണ്ടുപോകുകയാണ് ഇഡി. ഇതിനുള്ള മറുപടി ജനങ്ങള്‍ കൊടുക്കും.
സംസ്ഥാനത്തെ ഭരണത്തെ സ്തംഭിപ്പിക്കാനുള്ള ശ്രമങ്ങളാണ്. ഇതിനെ നിയമപരമായും നിയമസഭയിലും ജനങ്ങളെ അണിനിരത്തിയും ചെറുക്കും. റിസര്‍വ് ബാങ്കിന്റെ നിബന്ധനകള്‍ പാലിച്ചുതന്നെയാണ് മസാലബോണ്ടിലേക്ക് കടന്നത്. ഡെമോക്ലസിന്റെ വാള് പോലെ സിഎജിയും ഇഡിയും നില്ക്കുമ്പോള് വായ്പ തരുന്നവരുടെ ഇടയിലും സ്തംഭനം ഉണ്ടാക്കും.പ്രതിപക്ഷ നേതാവ് ഒളിച്ചുകളി അവസാനിപ്പിക്കണമെന്നും ഐസക് പറഞ്ഞു.
കേരളത്തില്‍ ഭരണസ്തംഭനം സൃഷ്ടിക്കുന്നതിനുള്ള ബോധപൂര്‍വമായ ഇടപെടലിന്റെ ഭാഗമാണ്. കരട് റിപ്പോര്‍ട്ടില്‍ രണ്ട് പാരഗ്രാഫില്‍ മാത്രമാണ് കിഫ്ബിയെക്കുറിച്ച് പരമാര്‍ശം ഉണ്ടായിരുന്നത്. എന്നാല്‍ കരടില്‍ ചര്‍ച്ച ചെയ്യാത്ത ഭരണഘടനാസാധുത സംബന്ധിച്ച നിഗമനങ്ങളായി നാല് പേജാണ് അന്തിമ റിപ്പോര്‍ട്ടില്‍ എഴുതിച്ചേര്‍ത്തത്.സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച ചെയ്യാതെ സി.എ.ജി ഇത്തരമൊരു റിപ്പോര്‍ട്ട് തയ്യാറാക്കിയതില്‍ അജണ്ടയുണ്ട്. അതിന്മേല് കൊത്തിയിരിക്കുകയാണ് പ്രതിപക്ഷം. കേരളത്തിന്റെ അവകാശത്തെക്കാള്‍ പ്രധാനമായി ഇന്നത്തെ സര്‍ക്കാരിനെ അടിക്കാന്‍ ഒരു വടികിട്ടുമോ എന്ന് നോക്കുകയാണ് അവര്‍. ഇത് കീഴ്വഴക്കങ്ങളുടെയും ചട്ടങ്ങളുടെയും പ്രശ്നമല്ല, അട്ടിമറി ശ്രമത്തെ ചെറുക്കുക എന്നതാണ് കടമയെന്നും ധനമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു