ലൗ ജിഹാദ് നിയമ നിർമാണത്തിനെതിരെ അലഹബാദ് ഹൈക്കോടതി

യു.പി സര്‍ക്കാര്‍ കൊണ്ടുവരാന്‍ ഉദ്ദേശിച്ച ലൗ ജിഹാദ് നിയമ നിർമാണത്തിനെതിരെ അലഹബാദ് ഹൈക്കോടതി. മതപരിവർത്തനത്തിന് എതിരായ നിയമ നിർമാണം ശരിയല്ലെന്നും വ്യക്തികളുടെ അവകാശത്തിന്മേൽ സർക്കാരിന് കടന്നുകയറാനാവില്ലെന്നും കോടതി വ്യക്തമാക്കി.

അലഹബാദ് ഹൈക്കോടതി ഡിവിഷൻ ബഞ്ചിൻറേതാണ് ഉത്തരവ്. വിവാഹത്തിനായി മാത്രമുള്ള മതപരിവർത്തനം ശരിയല്ലെന്ന സിംഗിൾ ബഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ച് റദ്ദാക്കി. ലൗ ജിഹാദ് നിയമം മൂലം നിരോധിക്കുമെന്ന് ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളാണ് പ്രഖ്യാപിച്ചത്.

എന്നാൽ പ്രായപൂർത്തിയായ വ്യക്തികൾക്ക് അവരുടെ പങ്കാളി ആരെന്ന് തീരുമാനിക്കാനും ഒന്നിച്ച് ജീവിക്കാനും അവകാശമുണ്ടെന്ന് അലഹബാദ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. മിശ്ര വിവാഹങ്ങൾ ലൗ ജിഹാദല്ലെന്ന് യുപി പൊലീസും റിപ്പോർട്ട് നൽകി. കാൻപൂരിലെ 22 മിശ്ര വിവാഹങ്ങൾ സംബന്ധിച്ച അന്വേഷണ റിപ്പോർട്ടിൽ ലൗ ജിഹാദില്ലെന്ന് യു.പി പൊലീസ് വ്യക്തമാക്കി. ലൗ ജിഹാദ് പഠിക്കാൻ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം കാൻപൂർ ഐ.ജിക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.

24-Nov-2020