കര്‍ഷകര്‍ ഉറച്ച് തന്നെ; പോലീസ് കാവലിനിടയിലും 'ദല്‍ഹി ചലോ' പുനരാരംഭിക്കും

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നയങ്ങളില്‍ പ്രതിഷേധിച്ച് രാജ്യ തലസ്ഥാനമായ ദല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്യുന്ന കര്‍ഷകര്‍ ഇന്ന് തലസ്ഥാനത്തേക്കുള്ള യാത്ര പുനരാരംഭിക്കുന്നു. ഇതിനായി ഹരിയാനയില്‍ നിന്നുള്ള കര്‍ഷകര്‍ പാനിപ്പത്തിലാണ് തമ്പടിച്ചിരിക്കുന്നത്. ലക്ഷ്യത്തില്‍ നിന്നും ഒരിഞ്ച് പോലും പിറകോട്ടില്ലെന്ന ഉറച്ച തീരുമാനത്തിലാണ് കര്‍ഷകര്‍.സംസ്ഥാന അതിര്‍ത്തിയില്‍ വൈകുന്നേരത്തോടെ 50,000ത്തിലധികം കര്‍ഷകര്‍ എത്തിച്ചേരുമെന്നാണ് കരുതുന്നതെന്ന് സയുക്ത കിസാന്‍ മോര്‍ച്ചയുടെയും ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെയും പ്രസ്താവനയില്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ട്രാക്ടറുകളിലും ട്രോളികളിലും ഉള്‍പ്രദേശങ്ങളിലുള്ള കര്‍ഷക സ്ത്രീകളെയും കുട്ടികളെയും കൂടി അതിര്‍ത്തിയില്‍ എത്തിക്കുന്നതോടെ കര്‍ഷകരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടാവുകയെന്നും പ്രസ്താവനയില്‍ പറഞ്ഞിരുന്നു. അതേസമയം, വിദ്യാര്‍ത്ഥി- കാര്‍ഷിക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രം തയ്യാറായിട്ടല്ലാതെ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ഇപ്പോഴും കര്‍ഷകര്‍.

ഭൂരിപക്ഷം കര്‍ഷകരും തങ്ങള്‍ക്ക് ആവശ്യമായ ഭക്ഷണ സാധനങ്ങളും ടാങ്കറുകളില്‍ വെള്ളവുമൊക്കെയായാണ് സമരത്തിനെത്തിയത്. സമരം മൂന്ന് മാസം വരെ തുടര്‍ന്നാലും അതിനെ നേരിടാനാവശ്യമായ ഭക്ഷണ സാധനങ്ങള്‍ കൈവശം വെച്ചിട്ടുണ്ടെന്നാണ് വിവരങ്ങള്‍.

27-Nov-2020