ഇടത് പാര്‍ട്ടികളുമായുള്ള സഖ്യത്തെ ബംഗാളിലെ കോണ്‍ഗ്രസ് നേതാക്കള്‍ അനുകൂലിച്ചു

2021ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പശ്ചിമബംഗാളിലെ കോൺഗ്രസ് നേതാക്കളുമായി വെർച്വൽ യോഗം നടത്തി രാഹുൽ ഗാന്ധി. നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷവുമായുള്ള സഖ്യത്തെക്കുറിച്ചാണ് യോഗം പ്രധാനമായും ചർച്ച ചെയ്തത്. ഇരു പാര്‍ട്ടികളും തമ്മിലുള്ള സീറ്റ് വിഭജനത്തെക്കുറിച്ച് രാഹുൽ ഗാന്ധി ആരാഞ്ഞതായി കോൺഗ്രസ് നേതൃത്വവും പ്രതികരിച്ചു.

അതേപോലെതന്നെ യോഗത്തിൽ ഇടത് പാര്‍ട്ടികളുമായുള്ള സഖ്യത്തെ കോണ്‍ഗ്രസ് നേതാക്കളെല്ലാവരും അനുകൂലിച്ചു. എന്നാല്‍ സീറ്റ് വിഭജനത്തില്‍ ചില മുതിര്‍ന്ന നേതാക്കള്‍ വ്യത്യസ്ത അഭിപ്രായങ്ങൾ പങ്കുവെച്ചിട്ടുമുണ്ട്. അവസാന ബിഹാർ തെരഞ്ഞെടുപ്പിൽ പാർട്ടിയ്ക്കേറ്റ തിരിച്ചടിയേക്കുറിച്ചും ചില നേതാക്കൾ യോഗത്തിൽ സംസാരിച്ചു. എഴുപത് സീറ്റുകളിൽ മത്സരിച്ച പാർട്ടിയ്ക്ക് 19 സീറ്റുകൾ മാത്രമേ നേടാൻ കഴിഞ്ഞുള്ളൂ എന്നകാര്യമാണ് നേതാക്കൾ പ്രധാനമായും ചൂണ്ടിക്കാട്ടിയത്.

ഇടത്- കോൺഗ്രസ് സഖ്യത്തെ ബംഗാള്‍ കോൺഗ്രസ് ഘടകം പ്രതീക്ഷയോടെയാണ് നോക്കി കാണുന്നതെന്നും എന്നാൽ സീറ്റ് വിഭജന ചർച്ചകൾ ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും നേതൃത്വം രാഹുൽ ഗാന്ധിയെ അറിയിച്ചു.
സംസ്ഥാനത്ത് തൃണമുൽ കോൺഗ്രസിനെയും ബി.ജെ.പിയെയും ഒരേസമയം പരാജയപ്പെടുത്താൻ കഴിയുന്ന മികച്ച സഖ്യമാണ് ഇടതുപാർട്ടികളും കോൺഗ്രസും ചേർന്നതെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.

28-Nov-2020