ക്വാറികളും ജനവാസകേന്ദ്രങ്ങളുമായുള്ള ദൂരം 200 മീറ്ററായി വര്‍ദ്ധിപ്പിക്കണം: നിയമസഭാ സമിതി

സംസ്ഥാനത്ത് ക്വാറികളും ജനവാസകേന്ദ്രങ്ങളുമായുള്ള ദൂരം 200 മീറ്ററായി കൂട്ടണമെന്ന് നിയമസഭാസമിതി. ക്വാറികളുടെ പ്രവര്‍ത്തനം മൂലം റോഡുകള്‍ തകര്‍ന്നാല്‍ ക്വാറി ഉടമകളുടെ ചെലവില്‍ അറ്റകുറ്റപണികള്‍ നടത്തണമെന്നും പരിസ്ഥിതി സമിതി നിയമസഭയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മുല്ലക്കര
രത്‌നാകരന്‍ അധ്യക്ഷനായ പരിസ്ഥിതി സമിതിയാണ് റിപ്പോര്‍ട്ട് തയ്യറാക്കിയത്.

കൂടാതെ പാറപൊട്ടിക്കാന്‍ ഉപയോഗിക്കുന്ന അമോണിയം നൈട്രേറ്റ് പോലുള്ള രാസവസ്തുക്കള്‍ ഉപയോഗിക്കുന്ന രീതി ഉപേക്ഷിച്ച് ബ്ലേഡ് കട്ടിങ്, ഇലക്ട്രിക് ഇതര രീതികള്‍ സ്വീകരിക്കണം. ഇലക്ട്രിക് ഇതര ടെക്‌നോളജി ഉപയോഗിക്കാത്തവയുടെ ലൈസന്‍സ് റദ്ദാക്കണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു.

ക്വാറികള്‍ ഖനനവ്യവസ്ഥകള്‍ പാലിക്കുന്നുണ്ടൊയെന്ന് ഉറപ്പാക്കാനായി ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും വകുപ്പ്തല ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന നിരീക്ഷണസമിതി രൂപവത്കരിക്കണം എന്നാണ് മറ്റൊരു ശുപാര്‍ശ.

ക്വാറി പ്രവര്‍ത്തനം ഉരുള്‍പൊട്ടലിന് കാരണമാകുന്നുണ്ടോ എന്ന് വിദഗ്ധ സമിതി പഠനം നടത്തണം, വാഹനം നിരീക്ഷിക്കുന്നതിന് ജിപിഎസ് സംവിധാനം ഏര്‍പ്പെടുത്തണം, ഖനനശേഷം ഉപേഷിക്കുന്ന പാറമടകള്‍ വ്യവസ്ഥകള്‍ക്കനുസരിച്ച് പരിപാലിക്കുന്നില്ലെങ്കില്‍ ലൈസന്‍സിയില്‍ നിന്ന് പിഴ ഈടാക്കണം. ക്വാറി പ്രവര്‍ത്തനം ജലസ്രോതസ്സുകളെ ബാധിക്കുന്നുണ്ടോ, മണ്ണിന്റെ ഘടനപരമായ മാറ്റങ്ങള്‍ സോയില്‍ പൈപ്പിങ് പോലെയുള്ള പ്രതിഭാസങ്ങള്‍ക്ക് കാരണമാകുന്നുണ്ടോ എന്നറിയുന്നതിന് ശാസ്ത്രീയമായ പഠനം വേണം.

29-Nov-2020