കെ.എസ്.എഫ്.ഇ റെയ്ഡ്;എതിരാളികൾക്ക് അവസരം ഉണ്ടാക്കുകയാണ് വിജിലൻസ് ചെയ്തത്
അഡ്മിൻ
കെ.എസ്.എഫ്.ഇയിലെ റെയ്ഡിലൂടെ എതിരാളികൾക്ക് അവസരം ഉണ്ടാക്കുകയാണ് വിജിലൻസ് ചെയ്തതെന്ന് ധനമന്ത്രി തോമസ് ഐസക്. വിജിലൻസ് പരിശോധനയ്ക്ക് എതിരാണെന്ന് ആരും പറഞ്ഞിട്ടില്ലെന്നും ധനമന്ത്രിയെന്ന നിലയിൽ അത്തരമൊരു നിലപാടില്ലെന്നും തോമസ് ഐസക് മാധ്യമങ്ങളോട് വ്യക്തമാക്കി.
വിജിലൻസ് നടപടിയിലൂടെ രാഷ്ട്രീയ എതിരാളികൾ മാത്രമല്ല, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾക്കും കെ.എസ്.എഫ്.ഇയെ താറടിക്കാനുളള സന്ദർഭമാണ് ഉണ്ടായതെന്നും ധനമന്ത്രി കുട്ടിച്ചേർത്തു. 'അന്വേഷണത്തിൽ മുഖ്യമന്ത്രിക്ക് അറിവില്ല. വിജിലൻസ് അൽപം കൂടി ഔചിത്യത്തോടെ പെരുമാറണം. പരിശോധന നടത്തുന്നതിൽ തെറ്റൊന്നും ഇല്ല. റിപ്പോർട്ട് സർക്കാരിന് കിട്ടും മുൻപേ മാധ്യമങ്ങളിൽ വാർത്ത വരുന്നതെങ്ങനെയാണ്. ആരാണ് നിരന്തരം വാർത്ത നൽകുന്നതെന്ന് പരിശോധിക്കണം. മാധ്യമവാർത്തയിലൂടെയാണോ വിജിലൻസ് കണ്ടെത്തൽ സർക്കാർ അറിയേണ്ടത്?
ഇതിനു പിന്നിൽ പ്രവർത്തിച്ചത് ആരെന്ന് അന്വേഷിക്കും. മനപൂർവ്വം വിവാദം ഉണ്ടാക്കാൻ ചിലർ ശ്രമിക്കുന്നു. അതിന് വിജിലൻസ് കൂട്ടുനിന്നോ? വിശ്വാസ്യത നഷ്ടപ്പെടുന്ന രീതിയിൽ എതിരാളികൾക്ക് എന്തിന് അവസരം ഉണ്ടാക്കി. ഇക്കാര്യങ്ങളെല്ലാം സർക്കാർ അന്വേഷിക്കും'-ധനമന്ത്രി പറഞ്ഞു.
'വിജിലൻസ് അന്വേഷണം നടക്കുന്നു, റിപ്പോർട്ട് തയ്യാറാക്കുന്നു, അത് സർക്കാരിന് സമർപ്പിക്കുന്നു, നടപടി ആവശ്യമെങ്കിൽ അത് സ്വീകരിക്കുന്നു എന്നതൊക്കെ സ്വാഭാവിക നടപടിക്രമങ്ങളാണ്. എന്നാൽ ഇത് ഓരോന്നും രാഷ്ട്രീയ ആയുധമാക്കി ഉപയോഗിക്കുന്നതാണ് അസ്വഭാവിക നടപടി. കേരളസർക്കാർ പറയുന്നത് പോലയേ കേരളത്തിലെ വിജിലൻസ് പ്രവർത്തിക്കുകയുള്ളൂ, അതുകൊണ്ട് പ്രതിപക്ഷ നേതാവോ വി. മുരളീധരനോ ഇപ്പോൾ ഞങ്ങൾക്കെന്തെങ്കിലും കിട്ടുമെന്ന് പറഞ്ഞിരിക്കേണ്ട' ധനമന്ത്രി കൂട്ടിച്ചേർത്തു.