ബി.ജെ.പിയെക്കുറിച്ച് ഒരു പരാമർശം പോലുമില്ലാത്ത യു.ഡി.എഫ് പ്രകടന പത്രിക
അഡ്മിൻ
എൽ.ഡി.എഫ്, യു.ഡി.എഫ് മാനിഫെസ്റ്റോകളുടെ രാഷ്ട്രീയമെന്താണ് എന്ന ചോദ്യവുമായി സംസ്ഥാന ധനമന്ത്രി തോമസ് ഐസക്. പ്രകടനപത്രികകൾ പ്രതിഫലിപ്പിക്കുന്ന രാഷ്ട്രീയം ഒരു പ്രധാന താരതമ്യവിഷയമാണെന്നും യു.ഡി.എഫ് മാനിഫെസ്റ്റോ പലവട്ടം വായിച്ചു നോക്കി. ബി.ജെ.പിയെക്കുറിച്ച് ഒരു പരാമർശം പോലും അതിലില്ല എന്നും അദ്ദേഹം പറയുന്നു.
"എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു? ഇന്ത്യൻ രാഷ്ട്രീയത്തിലെ ഒരു പ്രധാന കക്ഷിയാണല്ലോ കോൺഗ്രസ്? പക്ഷേ, കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയ്ക്കെതിരെ ഒരു നിലപാടില്ലാത്ത പാർട്ടിയായി കോൺഗ്രസ് അധഃപതിച്ചു.
പഞ്ചായത്ത് തെരഞ്ഞെടുപ്പായതുകൊണ്ട് ഗഹനമായ രാഷ്ട്രീയകാര്യങ്ങൾ ചർച്ചചെയ്യുന്നില്ലെന്നൊന്നും പറഞ്ഞ് ഒഴിഞ്ഞു മാറാനാവില്ല. എൽഡിഎഫിനെതിരെ എന്തെല്ലാം രാഷ്ട്രീയവിമർശനങ്ങൾ പ്രകടനപത്രികയിൽ ഉന്നയിച്ചിട്ടുണ്ട് എന്നും മന്ത്രി ചോദിക്കുന്നു.
സ്വാഭാവികമായും ബിജെപിയ്ക്കെതിരെയും നിലപാടു പറയേണ്ടതല്ലേ? പറയണമെങ്കിൽ ഒരു നിലപാടു വേണമല്ലോ? അതില്ലാത്തതുകൊണ്ടല്ലേ, ഒന്നും മിണ്ടാത്തത്? അധികാരവികേന്ദ്രീകരണത്തെ എൽഡിഎഫ് തകർത്തു എന്നൊക്കെയുള്ള അസംബന്ധങ്ങൾ യുഡിഎഫ് മാനിഫെസ്റ്റോയിൽ ഇടംപിടിച്ചിട്ടുണ്ട്. സ്വാഭാവികമായും അധികാരവികേന്ദ്രീകരണത്തെക്കുറിച്ച് ബിജെപിയുടെയും കേന്ദ്രസർക്കാരിന്റെയും നിലപാടിനെക്കുറിച്ചും ഒരു രണ്ടുവരി അതിൽ ഉണ്ടാകേണ്ടതല്ലേ?
രണ്ടാം എൻഡിഎ സർക്കാർ അധികാരത്തിലെത്തിയപ്പോൾ ആദ്യം ചെയ്തത്, പഞ്ചായത്തു ഡിപ്പാർട്ട്മെന്റുകൾക്കുള്ള കേന്ദ്രവിഹിതം വെട്ടിക്കുറയ്ക്കുകയാണ്. അതിനെതിരെ ദേശവ്യാപകമായ പ്രതിഷേധമുയർന്നു. ഇന്ന് കേന്ദ്ര പഞ്ചായത്ത് വകുപ്പിന് പഴയ പ്രതാപത്തിന്റെ നിഴലുപോലുമില്ല. അധികാരവികേന്ദ്രീകരണം സംബന്ധിച്ച് എൽഡിഎഫിനെതിരെ ഇല്ലാക്കഥ പറയുന്നവർക്ക് ഇതെങ്കിലും ബിജെപിയ്ക്കെതിരെ പറയാമായിരുന്നില്ലേ.
ഇത് യാദൃശ്ചികമായി സംഭവിച്ചതല്ല. ബിജെപിയെ നോവിക്കേണ്ടതില്ല എന്നത് കോൺഗ്രസിന്റെ രാഷ്ട്രീയനിലപാടാണ്. എന്നാൽ എൽഡിഎഫിന്റെ പ്രകടനപത്രികയുടെ രാഷ്ട്രീയം അതല്ല. യുഡിഎഫിനെയും ബിജെപിയെയും അത് നിശിതമായി വിമർശിക്കുന്നു. ബിജെപിയുടെ രാഷ്ട്രീയം കേരളത്തെ എങ്ങനെ പ്രതികൂലമായി ബാധിക്കുന്നു എന്ന് ജനങ്ങളോട് തുറന്നു പറയുന്നു.
മതനിരപേക്ഷതയും ഫെഡറൽ സംവിധാനവും പുരോഗമന ചിന്താഗതികൾ തന്നെയും ബിജെപിയിൽ നിന്ന് നേരിടുന്ന വെല്ലുവിളികൾ ജനങ്ങളെ ഓർമ്മിപ്പിക്കുന്നത് എൽഡിഎഫാണ്. നോട്ടു നിരോധനം സമ്പദ്ഘടനയ്ക്കുടെ നട്ടെല്ലു തകർത്തതും കോവിഡ് പകർച്ചവ്യാധിയെ കൈകാര്യം ചെയ്തതിൽ കേന്ദ്രസർക്കാരിന്റെ പിടിപ്പുകേട് സമ്പദ്ഘടനയെ പൂർണ സ്തംഭനാവസ്ഥയിലെത്തിച്ചതുമൊക്കെ രാഷ്ട്രീയ ചർച്ചയുടെ ഭാഗമായി ഉയർന്നു വരേണ്ട ഗൌരവമുള്ള പ്രശ്നങ്ങൾ തന്നെയാണ്.
തിരഞ്ഞെടുപ്പ് പഞ്ചായത്തിലേയ്ക്കായതുകൊണ്ട് ഇതെക്കുറിച്ചൊന്നും തങ്ങൾ ഒരക്ഷരം മിണ്ടില്ലെന്ന് കോൺഗ്രസും യുഡിഎഫും പറയുന്നതിനർത്ഥം ബിജെപിയെ പ്രീണിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ് എന്നു തന്നെയാണ്.
ഒരുവശത്ത് ബി.ജെ.പിയെ രാഷ്ട്രീയമായി തുറന്നു കാണിക്കാൻ അറച്ചും മടിച്ചും നിൽക്കുമ്പോൾ, മറുവശത്ത് വെൽഫെയർ പാർടിയെപ്പോലുള്ളവരുമായി തുറന്ന സഖ്യത്തിലേർപ്പെടാനും യു.ഡി.എഫ് തയ്യാറാകുന്നു. ഭൂരിപക്ഷ വർഗീയതയെ പ്രീണിപ്പിച്ചും ന്യൂനപക്ഷവർഗീയതയെ പ്രോത്സാഹിപ്പിച്ചും അപകടകരമായ ഒരു ഞാണിന്മേൽ കളി കളിക്കുകയാണവർ. ഇത് നാട്ടിനുണ്ടാക്കുന്ന ആപത്തിനെക്കുറിച്ച് ഒരു വേവലാതിയും കോൺഗ്രസിനില്ല. ഈ അവസരവാദ രാഷ്ട്രീയത്തിന് കനത്ത തിരിച്ചടി കേരളം കൊടുക്കുക തന്നെ ചെയ്യും.
രാഷ്ട്രീയമായി പാപ്പരായതുകൊണ്ടാണ് സ്വന്തം മുദ്രാവാക്യം തന്നെ അവർക്കു വിഴുങ്ങേണ്ടി വന്നത്. അഴിമതിയ്ക്കെതിരെ ഒരു വോട്ട് എന്ന കൊട്ടിഘോഷിക്കപ്പെട്ട മുദ്രാവാക്യം പ്രകടനപത്രികയിൽ നിന്ന് അവർക്ക് പിൻവലിക്കേണ്ടി വന്നു. അഴിമതിക്കേസിൽ മുതിർന്ന നേതാക്കൾ ജയിലിലും ജയിലിലേയ്ക്കുള്ള വഴിയിലുമായിരിക്കെ, ഈ മുദ്രാവാക്യവും വിളിച്ചു നടന്നാൽ ജനം കൂകുമെന്ന് ബോധ്യമായതുകൊണ്ടാണ് അത് പിൻവലിക്കേണ്ടി വന്നത്.
പകരം “ഉണരുന്ന ഗ്രാമങ്ങൾ, പുനർജനിക്കുന്ന നഗരങ്ങൾ” എന്നായി മുദ്രാവാക്യം. സത്യം പറയട്ടെ, എൽ.ഡി.എഫ് സർക്കാരിന്റെ ഭരണനേട്ടത്തെ ഇത്ര സർഗാത്മകമായി പ്രതിഫലിപ്പിക്കുന്ന പരസ്യവാചകമില്ല. ഗ്രാമങ്ങൾ ഉണർന്നതും നഗരങ്ങൾ പുനർജനിച്ചതും എൽ.ഡി.എഫ് ഭരണകാലത്താണ്. എൽ.ഡി.എഫ് സർക്കാരിന്റെ നേട്ടവും ഭരണമികവും യു.ഡി.എഫ് തന്നെ പരസ്യം ചെയ്യുന്നത് നന്നായി. ഗ്രാമങ്ങളെ ഉയർത്തുകയും നഗരങ്ങളെ പുനർജനിപ്പിക്കുകയും ചെയ്ത എൽ.ഡി.എഫിനു തന്നെയാവും ജനങ്ങളുടെ പിന്തുണയെന്നും മന്ത്രി പറഞ്ഞു.
30-Nov-2020
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ