144 പ്രഖ്യാപിച്ച ഡല്‍ഹി പോലീസിനെതിരെ ബദൽ നിയമവുമായി കർഷകർ
അഡ്മിൻ
കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കർഷകപ്രക്ഷോഭത്തെ നേരിടാൻ ഡൽഹി പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചതിന് പിന്നാലെ ബദൽനിയമം പ്രഖ്യാപനവുമായി സമരക്കാർ. ഡൽഹി - യു.പി. അതിർത്തിയിലെ ഗാസിപ്പുരിലാണ് കർഷകർ പ്രതീകാത്മകമായി നിയമം പ്രഖ്യാപിച്ചത്.
സമരക്കാർ ഡൽഹിയിലേക്ക് പ്രവേശിക്കാതിരിക്കാൻ പോലീസ് 144 ഏർപ്പെടുത്തി. എങ്കിൽ ഞങ്ങൾ 288 പ്രഖ്യാപിക്കുന്നു എന്നായിരുന്നു കർഷകരുടെ മറുപടി. പോലീസ് വിലക്കിയിടത്തു പ്രതിഷേധക്കാർ പ്രവേശിക്കരുതെന്നുപറയുമ്പോൾ കർഷകർ വിലക്കിയിടത്ത് പോലീസും കയറാൻ പാടില്ലെന്ന് കർഷകർ പറയുന്നു.
രാജ്യത്തെ നിയമസംവിധാനത്തോടുള്ള അനാദരവല്ല തങ്ങളുടെ പ്രതീകാത്മക 288 പ്രഖ്യാപനമെന്ന് കിസാൻ യൂണിയൻ ദേശീയ വക്താവ് ചൗധരി രാകേഷ് ടിക്കായത്ത് പറഞ്ഞു. സമൂഹവിരുദ്ധർ നുഴഞ്ഞുകയറി പ്രശ്നമുണ്ടാക്കാതിരിക്കാനാണ് കർഷകർ ഒഴികെയുള്ളവർക്ക് പ്രവേശനം വിലക്കിയതെന്നും അദ്ദേഹം പറഞ്ഞു.