സാമൂഹ്യക്ഷേമ പെന്‍ഷന്‍; തെറ്റായ പ്രചാരണങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി

സാമൂഹ്യക്ഷേമ പെന്‍ഷന്‍ സംബന്ധിച്ച പ്രതിപക്ഷ പ്രചാരണങ്ങളിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിക്കിടയിലും സര്‍ക്കാര്‍ വികസന ജനക്ഷേമ നടപടികളുമായി മുന്നോട്ടുപോകുമ്പോള്‍, അവയെ മറച്ചുവെച്ചു ശ്രദ്ധ തിരിച്ചുവിടാന്‍ തെറ്റായ പല പ്രചാരണങ്ങളും കോവിഡ് രോഗാണുവിനെ പോലെ ചില കേന്ദ്രങ്ങള്‍ പടര്‍ത്തുന്നുണ്ട്. അതിലൊന്ന് സാമൂഹ്യക്ഷേമ പെന്‍ഷന്‍ സംബന്ധിച്ചാണ്. എന്ന് മുഖ്യമന്ത്രി പറയുന്നു.

സാമൂഹ്യക്ഷേമ പെന്‍ഷന്‍റെ കാര്യത്തില്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ഇടതു സര്‍ക്കാരിനെക്കാള്‍ ബഹുകാതം മുന്നിലാണെന്നും, ഇക്കാര്യത്തില്‍ എല്‍.ഡി.എഫ് അഴിച്ചുവിടുന്നത് നട്ടാല്‍ കുരുക്കാത്ത കള്ളമാണെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെ പറഞ്ഞത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് കഴിഞ്ഞ ദിവസം കാണുകയുണ്ടായി. മുന്‍ മുഖ്യമന്ത്രിയുടേത് ഒറ്റപ്പെട്ട പ്രചാരണമല്ല. സാമൂഹ്യക്ഷേമ പെന്‍ഷനുമായി ബന്ധപ്പെട്ട് ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ നടത്തിയ ഇടപെടലുകളെ ഇകഴ്ത്തിക്കാണിക്കാനുള്ള ശ്രമം പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തില്‍ കഴിഞ്ഞ കുറച്ചു നാളുകളായി നടന്നു വരികയാണ്.

ക്ഷേമപെന്‍ഷനുകളില്‍ ഈ സര്‍ക്കാര്‍ കൊണ്ടുവന്ന വര്‍ദ്ധന കാലാകാലങ്ങളായി എല്ലാ സര്‍ക്കാരുകളും നടപ്പിലാക്കുന്നതാണെന്നും, കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരും അക്കാര്യം ചെയ്തിരുന്നെന്നുമാണ് ഒരു കൂട്ടര്‍ അവകാശപ്പെടുന്നത്. എല്ലാം കേന്ദ്രത്തിന്‍റെ കനിവാണെന്നാണ് മറ്റൊരു കൂട്ടര്‍ വാദിക്കുന്നത്. ഇക്കാര്യത്തില്‍ ഇത്രയും കാലമില്ലാതിരുന്ന പുതിയ വാദങ്ങളൊക്കെ പൊട്ടി വീഴുകയാണ്. ഇത് എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ക്കുള്ള സ്വീകാര്യത തകര്‍ക്കാനാണോ അതോ ആ നേട്ടങ്ങളുടെ പങ്കുപറ്റാനാണോ എന്ന് ദുഷ്പ്രചാരകര്‍ തന്നെ വ്യക്തമാക്കണം.

കേരളത്തിലെ സാമൂഹ്യസുരക്ഷാ പെന്‍ഷനുകളുടെ ചരിത്രം പരിശോധിച്ചാല്‍ ഇടതുപക്ഷം നേതൃത്വം നല്‍കിയ സര്‍ക്കാരുകളുടെ കാലത്താണ് അവ ഏറ്റവും കാര്യക്ഷമമായി നടപ്പിലാക്കിയിട്ടുള്ളതെന്ന് കാണാം.1980ല്‍ ഇ കെ നായനാര്‍ മുഖ്യമന്ത്രിയായ ശേഷമാണ് കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ ആരംഭിച്ചത്. അന്ന് 2.94 ലക്ഷം തൊഴിലാളികള്‍ക്ക് 45 രൂപ വെച്ച് ലഭിച്ച പ്രതിമാസ പെന്‍ഷന്‍ പിന്നീട് പരിഷ്കരിച്ചത് 1987ല്‍ നായനാര്‍ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നപ്പോഴായിരുന്നു.

പെന്‍ഷനുകളൊക്കെ എല്ലാ സര്‍ക്കാരുകളും വര്‍ദ്ധിപ്പിക്കാറുണ്ടെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ് ഉൾപ്പെടുന്ന മുന്നണി 1981 മുതല്‍ 1987 വരെ അധികാരത്തിലിരുന്നിട്ടും കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ വര്‍ദ്ധിപ്പിച്ചില്ല. അതിനു 6 വര്‍ഷത്തിനു ശേഷം വീണ്ടും ഇടതുപക്ഷ സര്‍ക്കാര്‍ വരേണ്ടി വന്നു. 1995ല്‍ എന്‍എസ്എപിയുടെ ഭാഗമായി വാര്‍ദ്ധക്യകാല പെന്‍ഷന്‍ വരുമ്പോള്‍ അധികാരത്തില്‍ ഇരുന്നത് യുഡിഎഫ് സര്‍ക്കാര്‍ ആയിരുന്നു. പക്ഷേ, ആ പെന്‍ഷന്‍ വയോധികര്‍ക്ക് ലഭിക്കാന്‍ 1996ല്‍ എല്‍ഡിഎഫ് അധികാരത്തില്‍ വരേണ്ടിവന്നു.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ വരുമ്പോള്‍ പെന്‍ഷന്‍ തുക പ്രതിമാസം 300 രൂപയായിരുന്നു. അവര്‍ അത് ആദ്യ വര്‍ഷം 400 രൂപയും രണ്ടാം വര്‍ഷം 525 രൂപയും ആക്കി ഉയര്‍ത്തി. ദേശീയ നയത്തിന്‍റെ ഭാഗമായി 80 വയസ്സിനു മുകളിലുള്ളവര്‍ക്ക് വാര്‍ദ്ധക്യകാല പെന്‍ഷന്‍ 400ല്‍ നിന്നും 900 രൂപയായും, വികലാംഗ പെന്‍ഷന്‍ 700 രൂപയായും ഉയര്‍ത്തി. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുന്നതിനു തൊട്ടുമുന്‍പായി മാര്‍ച്ച് മാസത്തില്‍ 75 വയസ്സിനു മുകളിലുള്ളവര്‍ക്ക് വാര്‍ദ്ധക്യകാല പെന്‍ഷന്‍ 1500 രൂപയാക്കിയുയര്‍ത്തുകയും ചെയ്തു. ഈ ഉയര്‍ത്തപ്പെട്ട വാര്‍ദ്ധക്യകാല പെന്‍ഷന്‍റേയും വികലാംഗ പെന്‍ഷന്‍റേയും ഗുണഭോക്താക്കള്‍ മൊത്തം ഗുണഭോക്താക്കളുടെ 15 ശതമാനത്തില്‍ താഴെ മാത്രമായിരുന്നു. 85 ശതമാനമാനമാൾക്കാർക്കും യു.ഡി.എഫ് കാലത്ത് ലഭിച്ച പെന്‍ഷന്‍ തുക 525 രൂപയായിരുന്നു. ആ സര്‍ക്കാര്‍ ആകെ കൊണ്ടുവന്ന വര്‍ദ്ധനവ് വെറും 225 രൂപ.

പെന്‍ഷന്‍ തുക നാമമാത്രമായേ വര്‍ദ്ധിപ്പിച്ചുള്ളൂ എന്നതു പോകട്ടെ, ആ തുക അര്‍ഹരായവര്‍ക്ക് വിതരണം ചെയ്യുന്നതില്‍ ഗുരുതരമായ വീഴ്ച വരുത്തി എന്നതാണ് യുഡിഎഫ് സര്‍ക്കാരിന്‍റെ മറ്റൊരു പ്രധാന വീഴ്ച. 19 മാസത്തെ കുടിശ്ശികയായി പെന്‍ഷനിനത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ വരുത്തിവച്ച 1473.2 കോടി രൂപ ഗുണഭോക്താക്കള്‍ക്ക് കൊടുത്തു തീര്‍ത്തത് ഇപ്പോഴത്തെ ഗവണ്‍മെന്‍റാണ്. എന്നിട്ടും ഒരു ജാള്യവുമില്ലാതെ ക്ഷേമപെന്‍ഷനുകള്‍ തങ്ങളും മികച്ച രീതിയില്‍ നടപ്പിലാക്കി എന്ന് യുഡിഎഫുകാര്‍ അവകാശപ്പെടുകയാണ്.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് ക്ഷേമപെന്‍ഷനുകളുടെ കാര്യത്തില്‍ എന്തൊക്കെ ചെയ്യണമെന്ന കൃത്യമായ കാഴ്ചപ്പാടുകളുമായാണ്. അവയെല്ലാം പ്രകടനപത്രിക വഴി ജനങ്ങളെ കൃത്യമായി ധരിപ്പിക്കുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം എല്ലാ പെന്‍ഷനുകളും 1000 രൂപയാക്കിയുയര്‍ത്തി. 2017 മുതല്‍ അത് 1100 രൂപയായും 2019ല്‍ അത് 1200 രൂപയായും 2020ല്‍ 1400 രൂപയായും വര്‍ദ്ധിപ്പിച്ചു. 2021 ജനുവരിയില്‍ ആ തുക 1500 രൂപയാക്കി വീണ്ടും ഉയര്‍ത്തുമെന്ന് എൽ ഡി എഫ് പ്രകടന പത്രികയിലൂടെ പ്രഖ്യാപിച്ചു കഴിഞ്ഞു.

1500 രൂപയാക്കി യുഡിഎഫ് ഉയര്‍ത്തിയ 75 വയസ്സിനു മുകളിലുള്ളവരുടെ പെന്‍ഷന്‍ തുകയും ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ 1000 രൂപയാക്കി കുറച്ചു എന്ന കള്ളം മുന്‍മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള ആളുകള്‍ പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ വാസ്തവമെന്താണ്? മറ്റെല്ലാ പെന്‍ഷനുകള്‍ ഏകീകരിച്ചപ്പോളും ഈ 1500 രൂപയുടെ പെന്‍ഷന്‍ ഈ സര്‍ക്കാര്‍ തുടര്‍ന്നു. 6.11 ലക്ഷം പേര്‍ക്ക് ഈ നിരക്കില്‍ ഇപ്പോഴും പെന്‍ഷന്‍ ലഭിക്കുന്നുണ്ട്.

2015ലെ സിഎജി റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി അനര്‍ഹരായ ആളുകളെ ഒഴിവാക്കിക്കൊണ്ട് അര്‍ഹരായ കൂടുതല്‍ ആളുകളിലേയ്ക്ക് ഈ സര്‍ക്കാരിന്‍റെ കാലത്ത് പെന്‍ഷന്‍ എത്തുകയുണ്ടായി.അത്തരത്തില്‍ യുഡിഎഫ് ഗവണ്മെന്‍റിന്‍റെ കാലത്തുണ്ടായിരുന്ന ഗുണഭോക്താക്കളുടെ എണ്ണം 33.99 ലക്ഷമായിരുന്നെങ്കില്‍ ഇന്നത് 60.31 ലക്ഷമായി ഉയര്‍ന്നിരിക്കുന്നു. 2016ല്‍ 272 കോടി രൂപയായിരുന്ന പ്രതിമാസ പെന്‍ഷന്‍ ചെലവ് ഇന്ന് 710 കോടിയായും ഉയര്‍ന്നു. 5 വര്‍ഷം കൊണ്ട് യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയ പെന്‍ഷന്‍ തുക 9311 കോടി രൂപയായിരുന്നെങ്കില്‍, 2020 നവംബര്‍ വരെ ഈ സര്‍ക്കാര്‍ സാമൂഹ്യസുരക്ഷാ പെന്‍ഷനായി മാത്രം നല്‍കിയത് 27,417 കോടി രൂപയാണ്. ക്ഷേമനിധി ബോര്‍ഡുകള്‍ വഴി 3099 കോടി രൂപ വേറെയും നല്‍കി. ആകെ 30515.91 കോടി രൂപ.

ഇനി, കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ സഹായം കൊണ്ടാണ് ക്ഷേമ പെന്‍ഷനുകള്‍ മൊത്തം കൊടുക്കുന്നത് എന്ന പ്രചരണത്തിന്‍റെ യാഥാര്‍ത്ഥ്യം കൂടി പരിശോധിക്കാം. കേന്ദ്ര സര്‍ക്കാരിന്‍റെ എന്‍എസ്എപി പദ്ധതി പ്രകാരം 14.9 ലക്ഷം പേര്‍ക്ക് 300 രൂപ മുതല്‍ 500 രൂപ വരെ പെന്‍ഷനായി നല്‍കുന്നുണ്ട്. ആ തുകയൊഴിച്ചാല്‍ ഇവര്‍ക്കു ലഭിക്കേണ്ട 900 മുതല്‍ 1100 വരെയുള്ള സംഖ്യ സംസ്ഥാന സര്‍ക്കാരാണ് നല്‍കുന്നത്. കേന്ദ്ര സര്‍ക്കാരിന്‍റെ യാതൊരു സഹായവുമില്ലാതെയാണ് 37.5 ലക്ഷം പേര്‍ക്കുള്ള പെന്‍ഷന്‍ സംസ്ഥാന ഗവണ്‍മെന്‍റ് വിതരണം ചെയ്യുന്നത്.

ഇതൊക്കെയാണ് വസ്തുതകളെന്നിരിക്കേ, ജനങ്ങളുടെ കണ്ണിയില്‍ പൊടിയിട്ട് ഈ സര്‍ക്കാര്‍ നടപ്പിലാക്കിയ ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങളെ വില കുറച്ചു കാണിക്കാനും അതിന്‍റെ ക്രെഡിറ്റ് കരസ്ഥമാക്കാനുമാണ് പ്രതിപക്ഷസംഘടനകള്‍ ശ്രമിക്കുന്നത്. സത്യസന്ധതയോടെ, നട്ടെല്ലുയര്‍ത്തി, ആത്മവിശ്വാസത്തോടെ പൊതുസമൂഹത്തെ അഭിമുഖീകരിക്കാനാകാത്ത വിധം മലീമസമായി അവരുടെ രാഷ്ട്രീയം മാറിയിരിക്കുന്നു. അതുകൊണ്ടവര്‍ നുണകളില്‍ പ്രതീക്ഷയര്‍പ്പിക്കുന്ന ദയനീയമായ കാഴ്ചയാണ് നാം കാണുന്നത്. ക്ഷേമപെന്‍ഷനുകള്‍ കുടിശ്ശികയൊന്നുമില്ലാതെ കൈപ്പറ്റിയ 60 ലക്ഷത്തില്‍ പരം മനുഷ്യരുണ്ടീ കേരളത്തില്‍. അവര്‍ക്കറിയാം സത്യമെന്താണെന്ന്. കണ്ണടച്ചിരുട്ടാക്കാന്‍ സാധിക്കില്ലെന്ന് അസത്യം പ്രചരിപ്പിക്കുന്നവര്‍ വൈകാതെ തിരിച്ചറിയും. എട്ടുകാലി മമ്മൂഞ്ഞുമാരെ മനസ്സിലാക്കാനുള്ള ശേഷി കേരളത്തിലെ ജനങ്ങള്‍ക്കില്ല എന്ന് ധരിച്ചു പോകരുതെന്നേ പറയാനുള്ളൂ.

02-Dec-2020