സി.എ.ജി റിപ്പോര്‍ട്ട് വിവാദം ഗൂഢപദ്ധതിയുടെ ഭാഗം: മന്ത്രി തോമസ് ഐസക്

സി.എ.ജി റിപ്പോര്‍ട്ട് വിവാദത്തില്‍ വീണ്ടും ആരോപണങ്ങളുമായി ധനമന്ത്രി തോമസ് ഐസക്ക്. അസാധാരണത്തില്‍ അസാധാരണമായ സാഹചര്യം സി.എ.ജി റിപ്പോര്‍ട്ട് സൃഷ്ടിച്ചു. ഇതൊരു ഗൂഢ പദ്ധതിയുടെ ഭാഗമായി കാണുന്നു. കേരളത്തിന്റെ വികസനത്തെ അട്ടിമറിക്കുന്നതിന് ഇ.ഡി.യും എന്‍.ഐ.എയും എല്ലാവരും ചെയ്തുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ചൂട്ട് പിടിക്കുന്ന നടപടിയാണെന്നും അദ്ദേഹം ആരോപിച്ചു.

നിയമസഭാ സാമാജികരുടെ അവകാശലംഘന പരാതി എത്തിക്സ് കമ്മറ്റിക്ക് വിട്ട സ്പീക്കറുടെ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് ധനമന്ത്രി പറഞ്ഞു. ചട്ടം ലംഘിച്ചിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം അതീവ ഗൗരവമായ പ്രശ്നങ്ങള്‍ അവകാശലംഘനമുമായി ബന്ധപ്പെട്ടുണ്ടെന്നും അവ സഭ മുമ്പാകെ വിശദീകരിക്കുന്നതിനുള്ള അവസരം ലഭിക്കുന്നത് നല്ല കാര്യമായി കണാണുന്നുവെന്നും പറഞ്ഞു.

എങ്ങനെയാണ് സി.എ.ജി ഓഡിറ്റ് നടക്കേണ്ടതെന്ന് 2007ല്‍ അവര്‍ മാര്‍ഗരേഖകള്‍ നല്‍കിയിട്ടുണ്ട്. 2020ല്‍ അവ വീണ്ടും ആവര്‍ത്തിച്ചിട്ടുണ്ട്. അത് പ്രകാരം ഓഡിറ്റ് ചെയ്യപ്പെടുന്നവരുടെ അവകാശങ്ങള്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്. ഓരോ കാര്യത്തിലും വിശദീകരണംം ആവശ്യപ്പെടണം. ആ വിശദീകരണം എന്തുകൊണ്ട് തള്ളുന്നു എന്നതും പറയണം.

അതീവ ഗൗരവമായ അഭിപ്രായവൃത്യാസമുണ്ടെങ്കില്‍ അത് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കണം. എക്സിറ്റ് മീറ്റിംഗ് നടത്തണം. എന്നാല്‍ ഇതൊന്നും ഉണ്ടായിട്ടില്ലെന്നും എക്സിറ്റ് മീറ്റിങ്ങിന്റെ മിനിറ്റ്സ് പോലും അയച്ചു തന്നില്ലെന്നും ധനമന്ത്രി ആരോപിച്ചു.

02-Dec-2020