പ്രവാസി വോട്ട്: വ്യവസ്ഥകൾ ചർച്ച ചെയ്യാനും അപാകങ്ങൾ പരിഹരിക്കാനും സർവകക്ഷിയോഗം വിളിക്കണം : സീതാറാം യെച്ചൂരി
അഡ്മിൻ
തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രവാസിവോട്ടുമായി ബന്ധപ്പെട്ട് നിലവിലെ രീതിയിൽ എതിർപ്പുമായി സി.പി.ഐ.എം. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ പ്രവാസിവോട്ടിനായി ശുപാർശചെയ്തിട്ടുള്ള വ്യവസ്ഥ ചർച്ച ചെയ്യാനും അപാകങ്ങൾ പരിഹരിക്കാനും അടിയന്തരമായി സർവകക്ഷിയോഗം വിളിക്കണമെന്ന് സി.പി.ഐ.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.
ഇക്കാര്യത്തിൽ അദ്ദേഹം മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറയ്ക്കു കത്തയച്ചു. പ്രവാസി വോട്ടിന് പോസ്റ്റൽ ബാലറ്റാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ ശുപാർശ ചെയ്തത്. വോട്ടുചെയ്തതിനുശേഷം ബാലറ്റ് നേരിട്ട് അയച്ചുകൊടുക്കുകയാണോ ഇന്ത്യൻ എംബസിയിൽ നിശ്ചിതസ്ഥലത്തു കൈമാറുകയാണോ വേണ്ടതെന്ന് വ്യക്തമല്ലെന്ന് സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടി.
ബാലറ്റ് പേപ്പർ ഇലക്‌ട്രോണിക് രൂപത്തിൽ അയച്ചുകൊടുക്കുന്നതിൽ തട്ടിപ്പു നടക്കാൻ സാധ്യതയുണ്ട്. വോട്ടുചെയ്യുന്നതിലെ രഹസ്യാത്മകതയെ ബാധിക്കുന്നതാണ് നിലവിൽ ശുപാർശ ചെയ്തിട്ടുള്ള രീതി. പ്രശ്നങ്ങൾ പരിഹരിക്കാൻ ഉടൻ സർവകക്ഷിയോഗം വിളിക്കണമെന്നും ആവശ്യപ്പെട്ടു.
പ്രവാസിവോട്ടിനെ സി.പി.ഐ.എം. അനുകൂലിക്കുന്നുണ്ടെന്നും വിദേശരാജ്യങ്ങളിലെ എംബസികളിലും മിഷനുകളിലും പോളിങ് ബൂത്തുകൾ സജ്ജമാക്കി പ്രവാസികൾക്ക് വോട്ടുചെയ്യാൻ സൗകര്യമൊരുക്കണമെന്ന് പാർട്ടി നേരത്തേ ആവശ്യപ്പെട്ടിരുന്നതായും യെച്ചൂരി കത്തിൽ ചൂണ്ടിക്കാട്ടി.