കൊല്ലം ജില്ലയിലെ മണ്‍റോത്തുരുത്തില്‍ സി.പി.ഐ.എം പ്രവര്‍ത്തകന്‍ മണിലാല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ബി.ജെ.പി പ്രവര്‍ത്തകനായ പട്ടംതുരുത്ത് തൂപ്പാശ്ശേരിയില്‍ അശോകനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഡല്‍ഹി പൊലീസില്‍ നിന്ന് വിരമിച്ച അശോകന്‍ മണിലാലിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. അതേസമയം, മണിലാലിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കൊല്ലത്തെ അഞ്ച് പഞ്ചായത്തുകളില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കുകയാണ്.
ഞായറാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം നടക്കുന്നത്. ഇടതുമുന്നണിയുടെ ഓഫീസിലിരുന്ന മണിലാലിനെ അശോകന്‍ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കനറാബാങ്ക് കവലയില്‍ നാട്ടുകാര്‍ കൂടിനിന്ന് രാഷ്ട്രീയ ചര്‍ച്ചകള്‍ നടത്തുകയായിരുന്നെന്നും മദ്യപിച്ചെത്തിയ അശോകന്‍ അസഭ്യവര്‍ഷം നടത്തിയപ്പോള്‍ മണിലാല്‍ കയര്‍ത്തുവെന്നും പോലീസ് പറയുന്നു.
അതിന് ശേഷം അവിടെ നിന്നും നടന്നുപോയ മണിലാലിനെ പിന്നില്‍ നിന്നെത്തി അശോകന്‍ കുത്തുകയായിരുന്നു. അശോകന്‍ അടുത്തിടെയാണ് ഡല്‍ഹി പോലീസില്‍ നിന്ന് വിരമിച്ച് നാട്ടിലെത്തിയത്.