നാല് മാസത്തിനകം അഞ്ചു മനുഷ്യജീവനുകളാണ് കോണ്‍ഗ്രസും ബി.ജെ.പിയും ഇല്ലാതാക്കിയത്: മുഖ്യമന്ത്രി

തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി ചരിത്ര വിജയം നേടുമെന്നും യു.ഡി.എഫിന്റെ നെടുംകോട്ടകള്‍ തകരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ബി.ജെ.പിയുടെ പ്രതീക്ഷകള്‍ കേരളത്തിൽ വീണ്ടും അസ്തമിക്കുമെന്നും മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങള്‍ മറയ്ക്കാന്‍ അപവാദപ്രചരണങ്ങള്‍ക്ക് കഴിയില്ലെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. യു.ഡി.എഫ് അഴിമതിയുടെ ആഴങ്ങളില്‍ മുങ്ങുകയാണ്. പാലാരിവട്ടം പാലം പോലെ തകരുകയാണ് യു.ഡി.എഫ്. പ്രചരണരംഗത്ത് വര്‍ഗീയതയുടെ വിഷം കലര്‍ത്താന്‍ ബി.ജെ.പി ശ്രമം നടത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപം:

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി ചരിത്രം സൃഷ്ടിക്കുന്ന വിജയം നേടും. യുഡിഎഫിന്റെ നെടുംകോട്ടകള്‍ തകരുന്നതും ബിജെപിയുടെ കേരള പ്രതീക്ഷകള്‍ വീണ്ടും അസ്തമിക്കുന്നതുമായിരിക്കും ഈ തെരഞ്ഞെടുപ്പ് ഫലം. നാലര വര്‍ഷക്കാലത്തെ എല്‍.ഡി.എഫ് ഭരണത്തില്‍ സംസ്ഥാനത്താകെ നടന്ന വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം നല്‍കുന്ന ജനവികാരമാണ് നാട്ടിലുള്ളത്.

സര്‍ക്കാരിനെതിരെ വലതുപക്ഷം സംഘടിതമായി നടത്തുന്ന നുണപ്രചാരണങ്ങള്‍ക്ക് ജനങ്ങള്‍ വിലകല്‍പ്പിക്കുന്നില്ല. സ്വന്തം ജീവിതത്തില്‍ ഈ സര്‍ക്കാരിന്റെ ഇടപെടല്‍ അനുഭവിച്ചറിഞ്ഞ കേരളീയരെ സ്വാധീനിക്കാന്‍ അപവാദ പ്രചാരണങ്ങള്‍ക്ക് കഴിയില്ല എന്ന് ഈ തെരഞ്ഞെടുപ്പ് ഫലംതെളിയിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുതല്‍ സംസ്ഥാനതലം വരെ നടന്ന വികസന മുന്നേറ്റം ചൂണ്ടിക്കാട്ടിയാണ് എല്‍.ഡി.എഫ് വോട്ട് തേടുന്നത്. രാജ്യത്തിന്റെ മറ്റൊരു ഭാഗത്തും ഉണ്ടായിട്ടില്ലാത്ത ഇടപെടലുകളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിയത്.

പ്രളയം, ഓഖി, നിപ പോലുള്ള ദുരന്തങ്ങള്‍ വേട്ടയാടിയപ്പോഴും കോവിഡ് കാലത്തും ജനങ്ങള്‍ പട്ടിണിയാകാതിരിക്കാനും ജനജീവിതം ദുരിതക്കയത്തിലേക്ക് വീഴാതിരിക്കാനുമാണ് സര്‍ക്കാര്‍ ശ്രദ്ധിച്ചത്.
ഇവിടെ കോവിഡ് പരിശോധനയും ചികിത്സയും പൂര്‍ണ്ണമായും സൗജന്യമാണ്. ലോക്ക്ഡൗണ്‍ കാലത്ത് കമ്മ്യൂണിറ്റി കിച്ചണ്‍ സ്ഥാപിച്ചും, മരുന്നും ഭക്ഷണവുമെത്തിച്ചും, അതിഥിതൊഴിലാളികളെ സംരക്ഷിച്ചും, വൈദ്യുതി നിരക്കിലും, റോഡ് നികുതിയിലും സബ്സിഡി നല്‍കിയും കേരളം രാജ്യത്തിന് മാതൃകയായി.
കോവിഡ് കാലത്ത് 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു.

ചെറുകിട വ്യവസായങ്ങളേയും കാര്‍ഷിക മേഖലയേയും സംരക്ഷിക്കാന്‍ പ്രത്യേക പദ്ധതികള്‍ ആരംഭിച്ചു. കോവിഡ് പ്രതിരോധം ഒരു ജനകീയ മുന്നേറ്റമായാണ് സംസ്ഥാനത്ത് മാറിയത്. ഇത് ആരു ശ്രമിച്ചാലും കേരളീയരുടെ മനസ്സില്‍ നിന്ന് മാഞ്ഞുപോകുന്ന അനുഭവങ്ങളല്ല.

യു.ഡി.എഫിന് മുദ്രാവാക്യം ഇല്ലാതായിരിക്കുന്നു. സര്‍ക്കാരിനെതിരെ അപവാദകഥകളുടെ പ്രളയം സൃഷ്ടിച്ച് 'അഴിമതിക്കെതിരെ ഒരുവോട്ട്' എന്ന് പറഞ്ഞവര്‍ അഴിമതിയുടെ ആഴങ്ങളില്‍ മുങ്ങുകയാണ്. പ്രതിപക്ഷത്തെ ഒരു എം.എല്‍.എ തട്ടിപ്പ് കേസില്‍ ജയിലിലാണ്. ഒരു മുന്‍മന്ത്രി അഴിമതിക്കേസില്‍ റിമാന്റിലാണ്. പ്രതിപക്ഷ നേതാവിനെതിരെതന്നെ ഗുരുതരമായ കോഴ ആരോപണം വന്നിരിക്കുന്നു. പാലാരിവട്ടം പാലം പോലെ തകര്‍ന്നുവീഴുകയാണ് ആ മുന്നണി. ദുരാരോപണങ്ങള്‍ മാധ്യമ സഹായത്തോടെ പ്രചരിപ്പിക്കുന്നതല്ലാതെ മറ്റൊരു രാഷ്ട്രീയവും പറയാന്‍ കഴിയാത്ത അവസ്ഥയിലാണ് യു ഡി.എഫ്.

ഒരോ തെരഞ്ഞെടുപ്പിലും കേരളം പിടിക്കുമെന്ന് അവകാശപ്പെടാറുള്ള ബി.ജെ.പിക്ക് ഇന്ന് അത്തരമൊരു അവകാശവാദം ഉന്നയിക്കാനുള്ള കെല്‍പ്പില്ല. കേന്ദ്ര അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ദുരുപയോഗിക്കുകയാണ് അവര്‍. പ്രചാരണരംഗത്ത് വര്‍ഗീയതയുടെ വിഷം കലര്‍ത്താനും ശ്രമമുണ്ടാകുന്നു. സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്താതെ യു.ഡി.എഫിനെ സഹായിക്കാനുള്ള ബി.ജെ.പിയുടെ നീക്കവും പുറത്തുവന്നിരിക്കുന്നു.

കോ ലീ ബി സഖ്യത്തെ ചെറുത്ത് പരാജയപ്പെടുത്തിയതാണ് കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യം. അതാണ് ഇത്തവണയും ആവര്‍ത്തിക്കാന്‍ പോകുന്നത്. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിന്റെ ഘട്ടത്തില്‍ ഉണ്ടായിരുന്നതിനേക്കാള്‍ വിപുലവും ശക്തവുമായ ജനകീയ അടിത്തറയാണ് ഇന്ന് എല്‍.ഡി.എഫിന്റേത്. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ വിഭവങ്ങളും സാധ്യതകളും പകര്‍ന്നു നല്‍കിയ സര്‍ക്കാരാണിത്.
ആധുനിക ചികിത്സാസംവിധാനങ്ങളുള്ള ആശുപത്രിശൃംഖലയും, ഹൈടെക് ആയിമാറിയ പൊതുവിദ്യാലയങ്ങളും, പച്ചപ്പും ഉത്പാദനക്ഷമതയും വീണ്ടെടുത്ത കൃഷിയിടങ്ങളും ഈ നാടിന്റെ മുഖംതന്നെ മാറ്റിയിരിക്കുന്നു.

കിടപ്പാടം വിദൂര സ്വപ്നമായിരുന്ന രണ്ടര ലക്ഷത്തിലധികം കുടുംബങ്ങള്‍ ഇന്ന് സ്വന്തം വീടുകളിലാണ് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. ചലനാത്മകമായ പൊതുവിതരണ സംവിധാനവും ജീവിത സായാഹ്നത്തില്‍ സ്വന്തം വരുമാന സ്രോതസ്സായി ക്ഷേമപെന്‍ഷനുകള്‍ വാങ്ങുന്നവരുടെ മുഖങ്ങളിലെ നിറഞ്ഞ ചിരിയും ഈ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ തന്നെയാണ്. 98.92 റേഷന്‍ കാര്‍ഡുടമകള്‍ക്ക് 2876 കോടിരൂപ വിലവരുന്ന ഭക്ഷ്യ കിറ്റുകളാണ് കോവിഡ് കാലത്ത് വിതരണംചെയ്തത്. 30,515.91 കോടിരൂപയാണ് ക്ഷേമപെന്‍ഷനുകളായി ഇക്കഴിഞ്ഞ മാസംവരെ ഈ സര്‍ക്കാര്‍ ജനങ്ങളിലെത്തിച്ചത്. അസാധ്യമെന്നു കരുതി എഴുതിത്തള്ളിയ ഗെയില്‍ പൈപ്പ്ലൈന്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ യാഥാര്‍ഥ്യമായതും ദേശീയപാതാവികസനം സാധ്യമായതും ഈ സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യം കൊണ്ടാണ്.

ഇതൊക്കെ ഏതെങ്കിലും കുപ്രചാരണത്തിന്റെ പഴമുറം കൊണ്ട് മറച്ചുപിടിക്കാന്‍ കഴിയുന്നതല്ല. വര്‍ഗീയതകൊണ്ട് രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള ശ്രമങ്ങളില്‍ യു.ഡി.എഫും ബി.ജെ.പിയും ഒരു പോലെ മത്സരിക്കുകയാണ്. ഒരേസമയം ബി.ജെ.പിയുമായും ജമാഅത്തെ ഇസ്ലാമിയുമായും കൈകോര്‍ക്കുകയാണ് യു.ഡി.എഫ്. അതിനെതിരെ അവരുടെ അണികള്‍ക്കിടയില്‍തന്നെ ശബ്ദം ഉയര്‍ന്നിരിക്കുന്നു. വഞ്ചനാപരമായ ഈ നിലപാടും അവിശുദ്ധ കൂട്ടുകെട്ടും ജനവിധിയില്‍ പ്രതിഫലിക്കും.

തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ അപവാദ പ്രചാരണങ്ങളും നുണകളുടെ നിര്‍മ്മാണവും വ്യാപകമായി നടത്താന്‍ വലതുപക്ഷ കേന്ദ്രങ്ങള്‍ തയ്യാറാകുന്നുണ്ട്. ഓരോ ദിവസവും പുതിയ നുണ അവതരിപ്പിക്കുക, അത് തകരുമ്പോള്‍ മറ്റൊന്നിലേക്കു പോവുക എന്ന രീതിയാണ് കാണുന്നത്. അത്തരം ഹീന നീക്കങ്ങളെ തുറന്നുകാട്ടാന്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകരും, ജാഗ്രതയോടെ അവയെ കാണാന്‍ ജനങ്ങളും തയാറാകണമെന്നു അഭ്യർത്ഥിക്കുന്നു.

ദേശീയ തലത്തില്‍ ആഞ്ഞടിക്കുന്ന തൊഴിലാളി കര്‍ഷകരോഷവും വര്‍ഗീയ ജനവിരുദ്ധ നിലപാടുകളിലുള്ള പ്രതിഷേധവും മറികടക്കാന്‍ ബി.ജെ.പിക്ക് കഴിയില്ല. സംസ്ഥാന സര്‍ക്കാര്‍ എന്ത് ചെയ്തുവെന്ന ചോദ്യത്തിന് അനേകം ഉത്തരങ്ങള്‍ ജനങ്ങളുടെ ജീവിതാനുഭവത്തില്‍ തന്നെയുണ്ട്. കേന്ദ്രം എന്ത് ചെയ്തുവെന്ന ചോദ്യത്തിന് അനുദിനം കുതിച്ചുയരുന്ന ഇന്ധനവിലയും തൊഴിലില്ലായ്മയും കാര്‍ഷിക വ്യാവസായിക മേഖലകളിലെ തകര്‍ച്ചയും പ്രാകൃതവും അപരിഷ്കൃതവുമായ നടപടികളുമാണ് ചൂണ്ടിക്കാണിക്കാനാവുക. അത് കൃത്യമായി തിരിച്ചറിയുന്ന ജനങ്ങള്‍ ബി.ജെ.പിയെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയും. ഇടതുപക്ഷ ജനാധിപത്യമുന്നണി ഉയര്‍ത്തുന്ന ബദല്‍ നയങ്ങളിലാണ് ജനങ്ങളുടെ പ്രതീക്ഷ.

അക്രമ രാഷ്ട്രീയത്തിന്റെ വക്താക്കളായാണ് കോണ്‍ഗ്രസ്സും ബി.ജെ.പിയും ജനങ്ങള്‍ക്ക് മുമ്പില്‍ നില്‍ക്കുന്നത്. കഴിഞ്ഞ നാല് മാസത്തിനകം അഞ്ചു മനുഷ്യജീവനുകളാണ് അവര്‍ ഇല്ലാതാക്കിയത്. കൊല്ലപ്പെട്ടത് സി.പി.ഐ (എം) പ്രവര്‍ത്തകരാണ്. മുഖ്യധാര മാധ്യമങ്ങള്‍ തമസ്ക്കരിച്ചാലും ആ ക്രൂര കൊലപാതകങ്ങള്‍ സൃഷ്ടിച്ച വേദനയും പ്രതിഷേധവും ജനമനസ്സുകളിലുണ്ട്.

അതും യു.ഡി.എഫ് - ബി.ജെ.പി കൂട്ടുകെട്ടിന് ആഘാതമാകും. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ കൂടുതല്‍ തിളക്കത്തോടെയുള്ള തുടര്‍ച്ചയ്ക്ക് അടിത്തറയായി ഈ തെരഞ്ഞെടുപ്പ് ഫലംമാറും.
കോവിഡ് പ്രോട്ടോകോള്‍ പാലിച്ച്, എല്ലാവിധ മുന്‍കരുതലുമെടുത്ത് സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ തയ്യാറാവണമെന്ന് വോട്ടർമാരോട് അഭ്യര്‍ത്ഥിക്കുന്നു.

07-Dec-2020