രാജ്യത്ത് ഭാരത് ബന്ദ് ആരംഭിച്ചു; തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ കേരളത്തെ ഒഴിവാക്കി

കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് പല സംസ്ഥാനങ്ങളിലും തുടങ്ങി. പഞ്ചാബ്, ഹരിയാന ഒഴികെയുള്ള സംസ്ഥാനങ്ങളിൽ 11 മണിക്കാണ് ബന്ദ് ആരംഭിക്കുക. ജനജീവിതം തടസപ്പെടുത്തില്ലെന്നും എന്നാൽ ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ എല്ലാവരും തയ്യാറാകണമെന്നും കർഷക സംഘടനകൾ അഭ്യർത്ഥിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ കർഷകർ ഇന്നത്തെ ഭാരത് ബന്ദിൽ നിന്ന് കേരളത്തെ ഒഴിവാക്കിയിട്ടുണ്ട്. ആദ്യഘട്ടമായി അഞ്ച് ജില്ലകളിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് കേരളത്തെ ഒഴിവാക്കിയത്. ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള ബദൽ സമര പരിപാടികൾ കേരളത്തിൽ നടക്കും.

15ലധികം പ്രതിപക്ഷ പാർട്ടിയുടെയും വിവിധ സംഘടനകളുടെയും പിന്തുണയോടെയാണ് ഭാരത് ബന്ദ്. കേന്ദ്ര സർക്കാർ പാസാക്കിയ മൂന്ന് കാർഷിക പരിഷ്‌ക്കരണ നിയമങ്ങളും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭാരത് ബന്ദ്. കർഷക സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായായുള്ള ഭാരത് ബന്ദിനോട് ജനങ്ങൾ എങ്ങനെ പ്രതികരിക്കുമെന്ന് കർഷക സംഘടനകൾ വിലയിരുത്തും.

കോൺഗ്രസ്, ഇടത് പാർട്ടികൾ, എസ്പി തുടങ്ങി 15ലധികം രാഷ്ട്രീയ സംഘടനകളും വിവിധ ബാങ്ക് യൂണിയനുകളും ഗുഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് യൂണിയനും ബന്ദിനെ പിന്തുണച്ചിട്ടുണ്ട്.

08-Dec-2020