സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ ജനങ്ങളില്‍ നിന്ന് ഒറ്റപ്പെടുത്താനാവില്ല: മന്ത്രി എ.കെ ബാലന്‍

ഇടതുമുന്നണിക്കെതിരെ ഇതുപോലെ വൃത്തികെട്ട ഗൂഢാലോചന മുമ്പ് ഉണ്ടായിട്ടില്ലെന്ന് മന്ത്രി എ. കെ ബാലന്‍ . എല്‍.ഡി.എഫ് ജയിക്കാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ യു.ഡി.എഫും ബി.ജെ.പിയും അഡ്ജസ്റ്റ്‌മെന്റ് നടത്തുകയാണ്. തിരുവനന്തപുരം കോര്‍പറേഷന്‍ പിടിക്കുക എന്നത് ബി.ജെ.പിയുടെ ലക്ഷ്യമാണ്. കോണ്‍ഗ്രസ് അതിന് വേണ്ട സഹായം ചെയ്ത് കൊടുക്കുന്നു.

പാലക്കാട് നഗരസഭയില്‍ കേവല ഭൂരിപക്ഷത്തിലെത്താന്‍ ബി.ജെ.പിയെ കോണ്‍ഗ്രസ് സഹായിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. എല്‍.ഡി.എഫിനെ ജയിപ്പിച്ചാല്‍ ശബരിമലയില്‍ സ്ത്രീകളെ കയറ്റുമെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നു. കിഫ്ബിയെ തകര്‍ക്കാന്‍ വലിയ ശ്രമം നടക്കുന്നു. സാധാരണ നിലയില്‍ എല്‍.ഡി.എഫിനെ തോല്‍പ്പിക്കാനാവില്ല. അതിനാണ് അവിശുദ്ധ ബന്ധം തുടരുന്നത്.

യു.ഡി.എഫ് ദയനീയ പരാജയം ഏറ്റുവാങ്ങും. ശബരിമലയില്‍ മുമ്പ് എന്താണോ നടന്നത് അതുപോലെ തന്നെയാണ് ഇപ്പോഴും. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ ജനങ്ങളില്‍ നിന്ന് ഒറ്റപ്പെടുത്താനാവില്ല. മന്ത്രി ജലീലിനെതിരെയും ഇങ്ങനെയൊക്കെത്തന്നെയാണല്ലോ ആരോപിച്ചത്. ഉപ്പുതിന്നവനേ വെള്ളം കുടിക്കേണ്ടതുള്ളൂ. മുഖ്യമന്ത്രി പറഞ്ഞതനുസരിച്ചാണ് കേന്ദ്രഏജന്‍സികള്‍ വന്നത്. പിന്നെ അവര്‍ ചില കാര്യങ്ങളില്‍ വഴി വിട്ട് പ്രവര്‍ത്തിച്ച് തുടങ്ങി. അതിനെയാണ് സര്‍ക്കാര്‍ എതിര്‍ത്തതെന്നും മന്ത്രി പറഞ്ഞു.

08-Dec-2020