സംവിധായകന്‍ കിം കി ഡുക് അന്തരിച്ചു

പ്രശസ്ത ദക്ഷിണ കൊറിയന്‍ സംവിധായകന്‍ കിം കി ഡുക് അന്തരിച്ചതായി റിപ്പോര്‍ട്ടുകള്‍. ലാത്വിയയില്‍ വച്ചായിരുന്നു മരണമെന്നും കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹമെന്നുമാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ലാത്വിയന്‍ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 59 കാരനായ കിംകി ഡുക് റെസിഡന്‍സി പെര്‍മിറ്റ് ലഭിക്കുന്നതായി സ്ഥലം വാങ്ങാന്‍ എത്തിയതായിരുന്നു രാജ്യത്ത്. നവംബര്‍ 20നായിരുന്നു കിം കി ഡുക് ലാത്വിയയില്‍ എത്തിയത്. ജുര്‍മല എന്ന സ്ഥലത്തൊരു വീട് വാങ്ങുകയായിരുന്നു ലക്ഷ്യം. മുന്‍കൂട്ടി നിശ്ചയിച്ച മീറ്റിങ്ങില്‍ കിം കി ഡുക് എത്താതെ വന്നതോടെ സുഹൃത്തുക്കള്‍ അദ്ദേഹത്തെ അന്വേഷിക്കുകയായിരുന്നു.

വെള്ളിയാഴ്ച രാത്രി 1.20 ഓടെ കിം കി ഡുക് മരണത്തിന് കീഴടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അദ്ദേഹത്തിന്റെ സുഹൃത്തുക്കളെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മറ്റ് വിവരങ്ങള്‍ ലഭിച്ചില്ല. അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ നിരവധി ബഹുമതികൾ നേടിയ കൊറിയൻ ചലച്ചിത്ര സം‌വിധായകനാണ് കിം കി ഡുക്.

11-Dec-2020