കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം നാളെ പുറത്ത് വരും
അഡ്മിൻ
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിന്റ ഫലം നാളെ പുറത്ത് വരും. വോട്ടെണ്ണലിനായി വിപുലമായ ക്രമീകരണങ്ങളാണ് ജില്ലാ ആസ്ഥാനങ്ങളില്‍ ഒരുക്കിയിരിക്കുന്നത്. പ്രാദേശിക വികസനത്തേക്കാള്‍ രാഷ്ട്രീയ വിവാദങ്ങള്‍ നിറഞ്ഞുനിന്ന തെരഞ്ഞെടുപ്പില്‍ 76.04 ശതമാനമാണ് പോളിങ്.
നാളെ എട്ടു മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. കോവിഡ് ബാധിതര്‍ക്കുള്ള സ്‌പെഷ്യല്‍ തപാല്‍വോട്ടുകള്‍ ഉള്‍പ്പെടെയുള്ള പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. തപാല്‍ വോട്ടുകള്‍ ബുധന്‍ രാവിലെ എട്ട് വരെ എത്തിക്കാന്‍ സമയമുണ്ട്. ആകെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ 244.
ത്രിതല പഞ്ചായത്തുകളിലെ വോട്ടെണ്ണല്‍, ബ്ലോക്ക് തലത്തിലും മുനിസിപ്പാലിറ്റികളിലേയും കോര്‍പ്പറേഷനുകളിലേയും വോട്ടിങ് യന്ത്രം സൂക്ഷിച്ചിരിക്കുന്ന കേന്ദ്രങ്ങളിലും എണ്ണും. എട്ട് ബൂത്തിന് ഒരു ടേബിള്‍ എന്ന നിലയിലാണ് ക്രമീകരണങ്ങൾ ഒരുക്കുന്നത്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ കോവിഡ് സുരക്ഷ കര്‍ശനമാക്കി. കൗണ്ടിങ് ഓഫീസര്‍മാര്‍ക്ക് കയ്യുറയും മാസ്‌കും ഫേസ് ഷീല്‍ഡും നിര്‍ബന്ധമാക്കിയിട്ടുണ്ട്.