ബി.ജെ.പിയിൽ തമ്മിൽ തല്ല്; കെ. സുരേന്ദ്രനെതിരെ കേന്ദ്ര നേതൃത്വത്തിന് പരാതി

തെരഞ്ഞെടുപ്പു ഫലം പുറത്തു വന്നതോടെ സംസ്ഥാനത്തെ ബി. ജെ. പിയിൽ ഗ്രൂപ്പ് വഴക്ക് മൂർച്ഛിച്ചു. പരസ്യമായി ആരും ഇതുവരെ രംഗത്തു വന്നില്ലെങ്കിലും കെ. സുരേന്ദ്രനെതിരെ എതിർ പക്ഷം കേന്ദ്ര നേതൃത്വത്തിന് പരാതി അയച്ചു കഴിഞ്ഞു എന്നാണറിയുന്നത്. ഒറ്റയ്ക്ക് മത്സരിച്ചപ്പോൾ ബി.ജെ.പിക്ക് 1223 സീറ്റും കൂടെയുള്ള സ്വതന്ത്രർ ഉൾപ്പടെ 1400 സീറ്റുമാണ് 2015 ൽ ലഭിച്ചത്.

ഇപ്പോൾ വിപുലമായ മുന്നണിയായി പാർട്ടി ചിഹ്നത്തിൽ മാത്രം മത്സരിച്ചപ്പോൾ അത് 1600 എത്തുന്നു. മൊത്തം സീറ്റിന്റെ 10% പോലും ബി.ജെ.പിക്ക് ലഭിച്ചില്ല. 2015 ൽ 18 പഞ്ചായത്തിൽ ഭരണം ലഭിച്ചു, 5 എണ്ണം പിന്നീട് നഷ്ടപ്പെട്ടു. ഇപ്പോൾ അത് 22. 2015 ൽ ബി.ജെ.പിക്ക് 51 കോർപറേഷൻ കൗൺസിലർമാർ 2020ൽ അത് 59 ആയി. 2010 ൽ 1 ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കാസർഗോഡ് ഉണ്ടായിരുന്നതിപ്പോൾ ഇല്ല.

ബി.ജെ.പി മുന്നണി സംവിധാനമായി മത്സരിക്കുമ്പോൾ 8000 സീറ്റുകളും 194 പഞ്ചായത്തും 24 മുനിസിപ്പാലിറ്റിയും തിരുവനന്തപുരം തൃശൂർ കോർപറേഷനുകളും ലഭിക്കുമെന്നാണ് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് സുരേന്ദ്രൻ നൽകിയ കണക്ക് എന്നാണറിയുന്നത് . എന്നാൽ, അതിന്റെ അടുത്തെങ്ങും എത്താൻ ബി.ജെ.പിക്ക് സാധിച്ചില്ല. കേന്ദ്ര സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ കേരളത്തിൽ നടപ്പിലാക്കിയെങ്കിലും അതിന്റെ രാഷ്ട്രീയ നേട്ടം നേടിയത് സി.പി.എമ്മാണ്.

ബി.ജെ.പി പൂർണ്ണമായും സ്വർണ്ണകള്ളക്കടത്തിന് പിന്നാലെ പോയപ്പോൾ പിണറായി വിജയനെയും കോടിയേരി ബാലകൃഷ്ണനെയും പത്രസമ്മേളനങ്ങളിലൂടെ തേജോവധം ചെയ്യുന്നതിൽ ആയിരുന്നു സംസ്ഥാന അധ്യക്ഷന്റെ പൂർണ്ണ ശ്രദ്ധ എന്നാണ് എതിർ പക്ഷത്തിന്റെ വിമർശനം. കോർ കമ്മിറ്റിയോ ഇലക്ഷൻ കമ്മിറ്റിയോ ചേരാതെ മാനിഫെസ്റ്റോ പോലും ഇറക്കാതെയാണ് ബി.ജെ.പി തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഈ സാഹചര്യത്തിൽ ബിജെപിയുടെ പരാജയം ചർച്ച ചെയ്യാൻ അടിയന്തരമായി സംസ്ഥാന കമ്മിറ്റിയും, ഭാരവാഹി യോഗവും വിളിക്കണം എന്നാണ് ആവശ്യം . തെരെഞെടുപ്പിൽ മുന്നേറ്റമുണ്ടാക്കാൻ കഴിയാത്തതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു സുരേന്ദ്രൻ രാജി വെക്കണമെന്ന് കൃഷ്ണദാസ്-ശോഭ സുരേന്ദ്രൻ ടീം കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടു കഴിഞ്ഞു

17-Dec-2020