നീതിയോ മര്യാദയോ ന്യായമോ ഇല്ലാത്ത അന്വേഷണം; കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

സംസ്ഥാന സർക്കാരിനെ അപകീർത്തിപ്പെടുത്താൻ വഴികൾ തേടി നീതിയോ മര്യാദയോ ന്യായമോ ഇല്ലാത്ത അന്വേഷണമാണ് കേന്ദ്ര അന്വേഷണ ഏജൻസികൾ കേരളത്തിൽ നടത്തുന്നതെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ തിരുത്തൽ നടപടികൾ ഉണ്ടാകാൻ പ്രധാനമന്ത്രി ഇടപെടണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഫെഡറൽ സംവിധാനത്തിൽ കേന്ദ്ര ഏജൻസികൾക്ക് ഭരണഘടനാപരമായ അധികാരങ്ങളും അതിരുകളും നിർണയിച്ചിട്ടുണ്ട്. എന്താണോ കണ്ടെത്തേണ്ടത്, അതിൽ നിന്ന് മാറി സർക്കാരിന്റെ കുറ്റം കണ്ടെത്താനുള്ള അന്വേഷണത്തിന് കേന്ദ്ര ഏജൻസികൾക്ക് അധികാരമില്ല. ആരോപണങ്ങളുടെ സത്യം കണ്ടെത്താനുള്ള എല്ലാ അവകാശവും കേന്ദ്ര ഏജൻസികൾക്കുണ്ട്.

എന്നാൽ അവരുടെ അധികാരത്തിനപ്പുറത്തേക്ക് നീങ്ങുന്നത് അന്വേഷണ ഏജൻസികളുടെ നിഷ്പക്ഷത ഇല്ലാതാക്കുമെന്നും വിശ്വാസ്യത നഷ്ടപ്പെടുത്തുമെന്നും മുഖ്യമന്ത്രി കത്തിൽ പറഞ്ഞു. അന്വേഷണ വിഷയത്തിൽ നിന്ന് വ്യതിചലിച്ച് വല്ലതും കണ്ടെത്താൻ കഴിയുമോയെന്ന നിലയിലുള്ള പരതൽ ഏജൻസികളുടെ വിശ്വാസ്യത പൂർണമായി ഇല്ലാതാക്കും. സർക്കാരിന്റെ വികസന പരിപാടികളെ അത് തടസ്സപ്പെടുത്തും.

സത്യസന്ധരും കഠിനാദ്ധ്വാനികളുമായ ഉദ്യോഗസ്ഥരുടെ മനോവീര്യം അതു നഷ്ടപ്പെടുത്തും. അന്വേഷണ ഏജൻസികളുടെ ഈ വഴിവിട്ട പോക്ക് സർക്കാർ നേരിടുന്ന ഭരണപരമായ ഗൗരവ പ്രശ്നമാണ്. ഒരു ജനാധിപത്യ-ഫെഡറൽ സംവിധാനത്തിൽ ഇതു ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

17-Dec-2020