സംസ്ഥാന സര്‍ക്കാര്‍ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ഏപ്രിൽ വരെ തുടരും

സംസ്ഥാന സര്‍ക്കാര്‍ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ഏപ്രിൽ വരെ തുടരും. കൂടാതെ ക്ഷേമപെൻഷനുകൾ അതതു മാസം വിതരണം ചെയ്യാനുമുള്ള നിർദേശങ്ങൾ മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുന്നോട്ടുവെച്ചു. കഴിഞ്ഞ ദിവസം സൂചിപ്പിച്ച നൂറ്ദിന കർമപദ്ധതികൾ അടുത്ത മന്ത്രിസഭാ യോഗത്തിൽ ചർച്ചചെയ്ത് പ്രഖ്യാപിക്കും.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമുള്ളതിനാലാണ് പ്രഖ്യാപനം മാറ്റിയത്. 23 വരെ പെരുമാറ്റച്ചട്ടമുണ്ട്. 24-ന് മന്ത്രിസഭായോഗം ചേരും. ചില ഉന്നത സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവും പരിഗണിക്കും.
അതേസമയം സൗജന്യ ഭക്ഷ്യകിറ്റ് വിതരണം തുടരാൻ വൻതുക വേണ്ടിവരുമെന്നാണു വിലയിരുത്തൽ.

തദ്ദേശ തെരഞ്ഞെടുപ്പു വിജയം മന്ത്രിസഭാ യോഗം വിലയിരുത്തി. സർക്കാരിന്റെ പദ്ധതികളെല്ലാം ജനങ്ങൾ അംഗീകരിച്ചതിന്റെ തെളിവാണ് ജനവിധിയെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. സർക്കാരിന്റെ കൂട്ടായ്മയുടെ വിജയമാണിത്. ഏറ്റെടുത്ത പദ്ധതികളെല്ലാം വിജയകരമായി നടപ്പാക്കിയ മന്ത്രിമാരെ മുഖ്യമന്ത്രി അഭിനന്ദിച്ചു.

18-Dec-2020