പരാജയത്തിന്റെ പൂർണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു: മുല്ലപ്പള്ളി
അഡ്മിൻ
തദ്ദേശതെരഞ്ഞെടുപ്പിൽ നേരിട്ട പരാജയത്തിന്റെ പൂർണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. വിജയത്തിന് നിരവധി പിതാക്കന്മാരുണ്ടാകുമെന്നും പരാജയം എപ്പോഴും അനാഥമായിരിക്കുമെന്നും 20ൽ 19 നേടിയപ്പോൾ തനിക്കാരും പൂച്ചെണ്ട് തന്നിട്ടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന കെപിസിസി രാഷ്ട്രീയ കാര്യ സമിതി യോഗത്തിലെ ചർച്ചകൾ സംബന്ധിച്ച് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെഞ്ഞെടുപ്പിൽ പൊതുരാഷ്ട്രീയം ചർച്ചയായില്ല എന്നത് ദൗർഭാഗ്യകരമാണെന്ന്. പ്രബുദ്ധ കേരളത്തിൽ പൊതുരാഷ്ട്രീയം ചർച്ചയാകാതിരുന്ന സാഹചര്യം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതീക്ഷിച്ച വിജയം നേടാനായില്ലെന്ന എന്നത് യാഥാർഥ്യമാണ്. എന്നാൽ, 2015 ലേതിനേക്കാൾ സീറ്റുകൾ ലഭിച്ചിട്ടുണ്ട്. പോരായ്മകൾ സംഭവിച്ചിട്ടുണ്ടെന്നും അത് തിരുത്താൻ പാർട്ടി വ്യത്യസ്ത പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനുവരി 6, 7 തിയതികളിൽ രാഷ്ട്രീയകാര്യ സമിതി, എം.പിമാർ എം.എൽ.എമാർ, ഡി.സി.സി ഭാരവാഹികൾ എന്നിവർ തിരുവനന്തപുരത്ത് യോഗം ചേരും.
ശേഷം ജില്ലകളിലും ഇത്തരത്തിൽ യോഗം ചേരും. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയും സംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷവും തെരഞ്ഞെടുപ്പിൽ പണമൊഴുക്കിയിരുന്നു. പ്രതിസന്ധിക്കിടയിലും കോൺഗ്രസ് പ്രവർത്തകർ ആത്മാർഥമായാണ് പ്രവർത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.