യു.പി പോലീസ് സി.പി.ഐ.എം എം.പിമാരുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചതായി സിദ്ദീഖ് കാപ്പന്
അഡ്മിൻ
ചോദ്യം ചെയ്യലില്‍ സി.പി.ഐ.എം എം.പിമാരുടെ പേര് പറയാന്‍ യു.പി പോലീസ് തന്നെ നിര്‍ബന്ധിച്ചുവെന്ന് ദളിത് പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ട ഹാത്രാസ് സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയതിനിടെ അറസ്റ്റിലായ മലയാളി മാധ്യമ പ്രവര്ത്തകന് സിദ്ദീഖ് കാപ്പന്.
നാട്ടിലുള്ള ഫോണില്‍ ഭാര്യയോടാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. സി.പി.ഐ.എം അല്ലേ നിന്നെ ഇങ്ങോട്ട് പറഞ്ഞയച്ചതെന്ന് യു.പി പോലീസ് ചോദിച്ചുവെന്നും പാര്‍ട്ടിയുടെ രണ്ട് എം.പിമാരുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചുവെന്നുമാണ് സിദ്ദീഖ് കാപ്പന് ഭാര്യയോട് പറഞ്ഞത്. എന്നാല്‍, ഈ ആവശ്യം അംഗീകരിക്കാതെ വന്നപ്പോള്‍ പോലീസ് ഉപദ്രവിക്കുകയും താന്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് കോടതില്‍ പറയുകയും ചെയ്തെന്ന് സിദ്ദീഖ് പറഞ്ഞെന്ന് അദ്ദേഹത്തിന്റെ ഭാര്യ റൈഹാനത്ത് പറഞ്ഞു.
കാപ്പനെ കസ്റ്റഡിയില്‍ എടുത്തതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു പോലീസ് ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്. രാഹുല്‍ ഗാന്ധിയുമായുള്ള ബന്ധത്തെക്കുറിച്ചും അദ്ദേഹം എന്തിനാണ് പെണ്‍കുട്ടിയുടെ വീട്ടില്‍ പോയതെന്നും പോലീസ് സിദ്ദീഖിനോട് ചോദിച്ചതായും ഭാര്യ റൈഹാനത്ത് പറഞ്ഞു.