കോഴിക്കോട് ജില്ലയിൽ ഷിഗെല്ല രോഗം നിയന്ത്രണത്തിൽ: ഡി.എം.ഒ

ജില്ലയിൽ ഷിഗെല്ല രോഗം നിയന്ത്രണത്തിലെന്ന് ഡി.എം.ഒ. രോഗം റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിലെ കിണറുകളിൽ സൂപ്പർ ക്ലോറിനേഷൻ പൂർത്തിയാക്കി. കോഴിക്കോട് ജില്ലയില്‍ ഷിഗെല്ല രോഗ വ്യാപനമുണ്ടായത് വെള്ളത്തിലൂടെയെന്ന് പ്രാഥമിക പഠന റിപ്പോര്‍ട്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

അതേസമയം കോട്ടാംപറമ്പ് മേഖലയില്‍ ഷിഗെല്ലയുടെ ഉറവിടം എങ്ങനെയാണെന്ന് കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. കോട്ടാംപറമ്പില്‍ 11 വയസുകാരന്‍ മരിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോഴിക്കോട് ജില്ലയില്‍ ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്. ഈ കുട്ടിയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുത്ത ആറ് പേര്‍ക്ക് കൂടി പിന്നീട് രോഗം സ്ഥിരീകരിച്ചു.

ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് നാരങ്ങാ വെള്ളം വിതരണം ചെയ്തിരുന്നു. ഇതിലൂടെയാണ് രോഗ വ്യാപനമുണ്ടായത് എന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടിലുള്ളത്. അതേ സമയം ഷിഗെല്ല ബാക്ടീരിയ എങ്ങനെ ഇവിടെ എത്തി എന്നത് ഇതുവരെ കണ്ടെത്താനായിട്ടില്ല.



കോഴിക്കോട് ജില്ലയില്‍ ഇതുവരെ 52 പേരില്‍ ഷിഗെല്ല രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അഞ്ച് വയസിന് താഴെയുള്ള രണ്ട് കുട്ടികള്‍ രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കോട്ടാംപറമ്പ് പ്രദേശത്ത് നിന്ന് വെള്ളത്തിന്‍റേയും ഭക്ഷണ പദാര്‍ത്ഥങ്ങളുടേയും സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിന്‍റെ ഫലം അടുത്ത ദിവസം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

20-Dec-2020