സംസ്ഥാനത്ത് മോട്ടോർ വാഹനവകുപ്പ് സേവനം ഇനി ഓൺലൈനിൽ

പുതുവർഷംമുതൽ സംസ്ഥാന മോട്ടോർ വാഹനവകുപ്പ് പൂർണമായും കടലാസുരഹിതം. വെള്ളിയാഴ്ചമുതൽ വകുപ്പിന് കീഴിലെ എല്ലാ ഓഫീസും ഇ---ഓഫീസ് സംവിധാനത്തിലാകും പ്രവർത്തിക്കുക. സുതാര്യമായും വേഗത്തിലും പൊതുജനങ്ങൾക്ക് സേവനങ്ങൾ ലഭ്യമാക്കാനാണിത്.

നികുതി ഒടുക്കൽ, വാഹനങ്ങളുടെ പെർമിറ്റ് ലഭ്യമാക്കൽ, ലൈസൻസ് സംബന്ധമായ എല്ലാ സേവനങ്ങളും (ഡ്രൈവിങ് ടെസ്റ്റ് ഒഴികെ) ഓഫീസ് സന്ദർശിക്കാതെതന്നെ ലഭ്യമാകും. രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസൻസ് എന്നിവ അതത് ഓഫീസുകളിൽ പ്രിന്റ് ചെയ്ത് ലാമിനേറ്റ് ചെയ്ത് തപാൽ വഴി അയക്കുന്നതും ഒഴിവാക്കി. ഇവയുടെ കേന്ദ്രീകൃത അച്ചടിയും വിതരണവും സർക്കാർ സ്ഥാപനമായ കെബിപിഎസ് നിർവഹിക്കും.

മോട്ടോർ വകുപ്പ് എൻഫോഴ്‌സ്‌മെന്റിന് ഇനി ഇ--വാഹനങ്ങൾ

മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്‌സ്‌മെന്റ് വിഭാഗം ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കാനൊരുങ്ങുന്നു. അനെർട്ട് മുഖേന കരാർ അടിസ്ഥാനത്തിലാണ് വാഹനങ്ങൾ ലഭ്യമാക്കിയത്. ഇന്ത്യയിലാദ്യമാണ് ഒരു എൻഫോഴ്‌സ്‌മെന്റ് വിഭാഗം- ഇ-- വാഹനങ്ങൾ ഉപയോഗിക്കുന്നത്. അന്തരീക്ഷ മലിനീകരണം കുറയ്ക്കുകയും സർക്കാരിന്റെ ഇ--- മൊബിലിറ്റി പദ്ധതി നടപ്പാക്കുകയുമാണ് ലക്ഷ്യം.

01-Jan-2021