2010 ൽ ആരംഭിക്കുകയും, സ്ഥലം ലഭ്യമാകാത്തതിനെത്തുടർന്ന് 2014ൽ ഉപേക്ഷിക്കപ്പെടുകയും ചെയ്ത പദ്ധതിയ്ക്ക് വീണ്ടും ജീവൻ ലഭിച്ചത് 2016ൽ ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നു. കൊച്ചി മംഗലാപുരം പാതയിൽ 510 കിലോമീറ്റർ ദൈർഘ്യത്തിലാണ് പൈപ്പ് ഇടേണ്ടിയിരുന്നത്. അതിൽ വെറും 40 km മാത്രമായിരുന്നു അതുവരെ പൂർത്തിയാക്കിയത്.
ബാക്കി ദൂരം മുഴുവൻ ഇടതുപക്ഷ സർക്കാർ അധികാരമേറ്റെടുത്തതിനു ശേഷമാണ് പൈപ്പിടൽ പൂർത്തിയാക്കിയതെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടുന്നു.അതേസമയം, വികസനപാതയില്‍ കേരളത്തിന്‍റെ പുത്തന്‍ ചുവടുവെയ്പ്പാണ് ഗെയ്ൽ പദ്ധതിയെന്നാണ് മന്ത്രി ഇ.പി ജയരാജൻ ചൂണ്ടിക്കാട്ടുന്നു. കൊച്ചി എല്‍എന്‍ജി ടെര്‍മിനലില്‍ നിന്ന് മംഗളൂരുവരെ തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലൂടെയാണ് പൈപ്പ്‌ലൈന്‍ കടന്ന് പോകുന്നത്.
പ്രതിദിനം 12 ദശലക്ഷം മെട്രിക് സ്റ്റാന്‍ഡേര്‍ഡ് ക്യൂബിക് വാതക വാഹക ശേഷിയുള്ളതാണ് പൈപ്പ്‌ലൈന്‍. വീട്ടാവശ്യത്തിന് പരിസ്ഥിതി സൗഹൃദവും ചെലവ് കുറഞ്ഞതുമായ പ്രകൃതിവാതകവും ഗതാഗതമേഖലയ്ക്ക് സിഎന്‍ജിയും പൈപ്പ്‌ലൈനിലൂടെ ലഭ്യമാക്കുമെന്ന് മന്ത്രി ഇ.പി ജയരാജൻ പറയുന്നു. പൈപ്പ്‌ലൈന്‍ കടന്നു പോകുന്ന ജില്ലകളില്‍ വ്യാവസായിക - വാണിജ്യ ആവശ്യങ്ങള്‍ക്കും പ്രകൃതിവാതകം നല്‍കും.
5751 കോടി രൂപ ചെലവുള്ള പദ്ധതി മുഴുവന്‍ ശേഷിയില്‍ പ്രവര്‍ത്തിച്ചാല്‍ നികുതി വരുമാനം 500 മുതല്‍ 720 കോടിവരെ ലഭിക്കാം. സംസ്ഥാനത്തിന്റെ ഊർജ്ജ ലഭ്യതയിൽ വലിയ മുന്നേറ്റമാണ് ഇതുവഴി ഉണ്ടായിരിക്കുന്നത്. കുറഞ്ഞ ചിലവിൽ ഊർജ്ജ വിതരണം സാധ്യമാക്കാൻ ഈ പദ്ധതി സഹായകമാകും.