കുടുംബശ്രീ ലോകത്തിന് കേരളം സമ്മാനിച്ച സ്ത്രീ ശാക്തീകരണത്തിൻ്റെ അതുല്യ മാതൃക: മന്ത്രി എം. ബി. രാജേഷ്
അഡ്മിൻ
ലോകത്തിന് കേരളം സമ്മാനിച്ച സ്ത്രീ ശാക്തീകരണത്തിൻ്റെ അതുല്യ മാതൃകയാണ് കുടുംബശ്രീയെന്ന് തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം. ബി. രാജേഷ് പറഞ്ഞു. ചെങ്ങന്നൂര്‍ മുൻസിപ്പൽ സ്റ്റേഡിയത്തിൽ 11ാമത് കുടുംബശ്രീ ദേശീയ സരസ്മേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
സ്ത്രീ ശാക്തീകരണം എന്ന ആശയത്തെ സാക്ഷാത്കരിച്ചത് കുടുംബശ്രീയാണ്. കുടുംബശ്രീ പെൺകരുത്തിൻ്റെ മഹാപ്രസ്ഥാനമാണ്. 46 ലക്ഷം വനിതകളാണ് ഇന്ന് കുടുംബശ്രീയിൽ അണി നിരന്നിട്ടുള്ളത്. കുടുംബശ്രീയുടെ വരവോടെയാണ് സ്ത്രീകൾ പൊതുരംഗത്തേക്ക് കടന്നുവന്നതെന്ന് മന്ത്രി പറഞ്ഞു.
ഇതിനുമുമ്പ് നടന്ന 10 കുടുംബശ്രീ സരസ്മേളകളും ജനപങ്കാളിത്തം കൊണ്ടും വരുമാനം കൊണ്ടും വലിയ വിജയങ്ങൾ ആയിരുന്നു. എന്നാൽ കഴിഞ്ഞ മേളകളുടെയെല്ലാം റെക്കോർഡ് തിരുത്തുന്ന സരസ് മേളയാണിത്.
വിശിഷ്ടാതിഥിയായ മോഹൻലാലിനെ സ്വീകരിക്കാൻ ചെങ്ങന്നൂർ മുൻസിപ്പാലിറ്റി ഹരിത കർമ്മ സേനാംഗം പൊന്നമ്മ ചേച്ചിയെ മന്ത്രി സജി ചെറിയാൻ നിയോഗിച്ചത് വലിയ സന്ദേശമാണ് നൽകുന്നത്. മാലിന്യമുക്തം നവകേരളം എന്ന ലക്ഷ്യത്തിനു വേണ്ടി എല്ലാവരും അണിനിരക്കണമെന്നതാണത്. ഹരിത കർമ്മ സേന കേരളത്തിന്റെ ശുചിത്വസേന ആണെന്നും മന്ത്രി പറഞ്ഞു.
സാംസ്‌കാരിക, ഫിഷറീസ്, യുവജനകാര്യവകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു. വികസനത്തോടൊപ്പം ജനങ്ങൾക്ക് ആനന്ദിക്കാനും ആഹ്ലാദിക്കാനും അവസരങ്ങൾ വേണമെന്ന നിലപാടിൻ്റെ ഭാഗമാണ് സരസ് മേളയും ചെങ്ങന്നൂർ പെരുമയുമെന്ന് മന്ത്രി പറഞ്ഞു. വികസനത്തിൽ പിന്നാക്കമായിരുന്ന ചെങ്ങന്നൂരിനെ വികസനത്തിൽ വാഗ്ദാനം ചെയ്തതിനപ്പുറം എത്തിക്കാൻ കഴിഞ്ഞു. ചെങ്ങന്നൂരിലെ ജനങ്ങൾക്ക് നൽകുന്ന പുതുവർഷ സമ്മാനമാണ് ഈ മേള. 2018ൽ ചെങ്ങന്നൂരിൽ സരസ്മേള എത്തിയെങ്കിലും പ്രളയം വിഴുങ്ങുകയായിരുന്നു. അന്ന് മുതൽ ആഗ്രഹിച്ച മേളയാണ് ഇന്ന് നടക്കുന്നത്. കേരളം കണ്ട ഏറ്റവും വലിയ ഫെസ്റ്റ് ചെങ്ങന്നൂരിൽ നടത്തണം എന്നായിരുന്നു ആഗ്രഹം. സാധാരണ സരസ്മേളയിൽ 200 സ്റ്റാളുകൾ ആണ് ഉണ്ടാവുക. എന്നാലിവിടെ 350 സ്റ്റാളുകളുണ്ട്. എഴുപതോളം പുസ്തക പ്രസാധകർ പങ്കെടുക്കുന്നു എന്ന പ്രത്യേകതയും ഈ മേളക്കുണ്ട്.
കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത പ്രത്യേകതകളോടെയാണ് ചെങ്ങന്നൂരിൽ സരസ് മേള സംഘടിപ്പിച്ചിട്ടുള്ളതെന്ന് കൃഷി മന്ത്രി പി പ്രസാദ് മുഖ്യ സന്ദേശം നൽകികൊണ്ട് പറഞ്ഞു. ചെങ്ങന്നൂർ പെരുമ പുരസ്കാരം മോഹൻലാലിന് ഈ നാട് നൽകുന്ന ആദരമാണെന്നും മന്ത്രി പറഞ്ഞു.
നടൻ മോഹൻലാൽ വിശിഷ്‌ടാതിഥിയായി. കലാ സാംസ്കാരിക രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ചെങ്ങന്നൂർ പെരുമ പുരസ്കാരം മോഹൻലാലിന് മന്ത്രി സജി ചെറിയാൻ
സമർപ്പിച്ചു. എച്ച് സലാം എം എൽ എ കവിത ചൊല്ലി ആശംസയർപ്പിച്ചു. എം. എസ്. അരുൺകുമാർ എംഎൽഎ ആശംസകൾ അർപ്പിച്ചു.
കുടുംബശ്രീ സരസ് മേളയുടെ സ്വാഗത ഗാനം, കുടുംബശ്രീ മീഷൻ മുദ്രാഗീതം എന്നിവയോടെയാണ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി മാലിന്യ മുക്ത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ജില്ലാ കളക്ടർ അലക്സ‌് വർഗ്ഗീസ്, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച്. ദിനേശൻ, ചെങ്ങന്നൂർ നഗരസഭ ചെയർപേഴ്‌സൺ ശോഭാ വർഗ്ഗീസ്, ഔഷധി ചെയർപേഴ്‌സൺ ശോഭന ജോർജ്ജ്, കെഎസ് സിഎംഎംസി ചെയർമാൻ എം.എച്ച്. റഷീദ്, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.എം. സലീം, പഞ്ചായത്ത് പ്രസിഡൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് കെ.എം. ഉഷ, ചെങ്ങന്നൂർ മുനിസിപ്പൽ കൗൺസിലർ അശോക് പടിപ്പുരയ്ക്കൽ, സിഡിഎസ് ചെയർപെഴ്സൺ എസ്.ശ്രീകല,ജില്ലാ മിഷൻ കോർഡിനേറ്റർ രഞ്ജിത്ത് എസ് എന്നിവർ പങ്കെടുത്തു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഒ.എസ്. ഉണ്ണിക്കൃഷ്‌ണൻ റിപ്പോർട്ട് അവതരിപ്പിച്ചു.
ഉദ്ഘാടന സമ്മേളനത്തിന് മുന്നോടിയായി കലാമണ്ഡലം ചന്ദ്രൻ പെരിങ്ങോടിന്റെ നേതൃത്വത്തിൽ പഞ്ചവാദ്യം അരങ്ങേറി.
ഗ്രാമീണ വനിതാ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും പരമ്പരാഗത ഗ്രാമീണ ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ പ്രചാരം നല്കുന്നതിനുമായി തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ രാജ്യമൊട്ടാകെയുള്ള സംരംഭകരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന പ കുടുംബശ്രീ ദേശീയ സരസ് മേള 3 1 നാണ് അവസാനിക്കുന്നത്.
വരുംദിവസങ്ങളിൽ ചലച്ചിത്ര താരങ്ങൾ , പിന്നണിഗായകർ തുടങ്ങിയവർ നയിക്കുന്ന വിവിധ കലാപരിപാടികൾ, മെഗാഷോകൾ, സെമിനാറുകൾ, ജില്ലയിലെ കുടുംബശ്രീ പ്രവർത്തകരുടെ സാംസ്‌കാരിക പരിപാടികൾ, ഫ്ളവർ ഷോ, പെറ്റ്ഷോ, റോബോട്ടിക് ഷോ പുസ്‌തകമേള തുടങ്ങിയവ രാവിലെ 10 മുതൽ രാത്രി 10 വരെ അരങ്ങേറും.
രണ്ടര ലക്ഷം ചതുരശ്ര അടിയിൽ ഒരുക്കിയ പവലിയനിൽ കുടുംബശ്രീ ഉള്‍പ്പെടെ 23 സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ സംരംഭകരുടെ 250 സ്റ്റാളുകൾ, സംഘാടക സമിതിയുടെ നേതൃത്വത്തിലുള്ള 100 സ്റ്റാളുകൾ എന്നിവ ഒരുക്കിയിട്ടുണ്ട്. കൂടാതെ 35 ഭക്ഷണ ശാലകളും മേളക്ക് രുചി പകരുന്നു. മേളയില്‍ പ്രവേശനം സൗജന്യമാണ്. ഉദ്ഘാടന സമ്മേളനത്തിന്ശേഷം 7 മണി മുതല്‍ സ്റ്റീഫൻ ദേവസ്സി ഷോ അരങ്ങേറി.
20-Jan-2025
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ