ഇന്ത്യയില്‍ കോവിഡ് വാക്സിന്‍ വിതരണം ആരംഭിച്ചു

രാജ്യത്ത് കോവിഡ് വാക്സിന്‍ വിതരണം തുടങ്ങി. കോവി ഷീൽഡിന്റെ ആദ്യ ലോഡുകൾ പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ശീതീകരിച്ച ട്രക്കുകളിൽ പുറപ്പെട്ടു. പ്രത്യേക പൂജകൾക്ക് ശേഷമാണ് വാക്സിൻ ലോറികൾ പുലർച്ചെ വിമാനത്താവളത്തിലേക്ക് യാത്ര പുറപ്പെട്ടത്. പൂനെയില്‍ നിന്നും മൂന്ന് ദിവസത്തിനകം എല്ലാ ഹബുകളിലേക്കും വാക്സിന്‍ എത്തിക്കും. ഇന്നലെ സർക്കാർ കോവിഷീല്‍ഡിനായി പർച്ചേസ് ഓർഡർ നല്‍കിയിരുന്നു. വാക്സിന്‍ കുത്തിവെപ്പ് ശനിയാഴ്ച ആരംഭിക്കും.

പൂനെയിൽ നിന്നും 10 വിമാനങ്ങളിലായി രാജ്യത്തെ 13 കേന്ദ്രങ്ങളിലേക്കാണ് വാക്സിൻ കൊണ്ടുപോകുന്നത്. ഡൽഹി, കർണാൽ, കൊൽക്കത്ത, ഹൈദരാബാദ്, ചെന്നൈ, ഹബുകളിലേക്ക് വാക്സിന്‍ എത്തിക്കും. എട്ടു പാസഞ്ചർ വിമാനങ്ങളും രണ്ട് കാർ​ഗോ വിമാനങ്ങളുമാണ് വാക്സിൻ വിതരണത്തിനായി ഉപയോ​ഗിക്കുന്നത്. 11 മില്യണ്‍ വാക്സിന്‍ ഒന്നിന് 200 രൂപ നിരക്കിലാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സർക്കാരിന് നല്‍കുക.

ആരോഗ്യ പ്രവർത്തകർ, ശുചീകരണ തൊഴിലാളികള്‍, സേനാ വിഭാഗങ്ങള്‍ തുടങ്ങി പ്രഥമ പരിഗണനാ വിഭാഗത്തില്‍ വരുന്ന 3 കോടി പേർക്ക് ആദ്യം ലഭിക്കും. പ്രഥമ പരിഗണനാ വിഭാഗത്തില്‍ പെട്ടവർക്ക് വാക്സിന്‍ സൌജന്യമായി നല്‍കുമെന്നും ഈ ചെലവ് കേന്ദ്ര സർക്കാർ വഹിക്കുമെന്നും പ്രധാനമന്ത്രി ഇന്നലെ മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ വ്യക്തമാക്കിയിരുന്നു.

12-Jan-2021