ഉമ്മൻ ചാണ്ടി വരുമ്പോൾ തിരിച്ചടി ചെന്നിത്തലയ്ക്ക്

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നടന്ന ചർച്ചകളിൽ ഒന്നും കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച പാക്കേജ് വിഷയമായില്ല. എന്നാൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ തെരഞ്ഞെടുപ്പിൽ കേന്ദ്രബിന്ദു സ്ഥാനത്തേക്ക് കൊണ്ടു വരികയും ചെയ്തു.

തെരഞ്ഞെടുപ്പ് മേൽനോട്ട സമിതി അധ്യക്ഷൻ ആക്കിയാണ് ഉമ്മൻചാണ്ടിയുടെ പദവി ഉയർത്തിയത്. ആരാകും പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി എന്നത് സംബന്ധിച്ച് ഹൈക്കമാൻഡ് തന്ത്രപൂർവം മൗനം പാലിച്ചു. നാലര വർഷത്തിനുശേഷം അടുത്ത തെരഞ്ഞെടുപ്പിന്റെ മേൽനോട്ടച്ചുമതല ഉമ്മൻചാണ്ടിക്ക് വന്നിരിക്കുകയാണ്. മുഖ്യമന്ത്രിസ്ഥാനം ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയുമായി പങ്കിടണമെന്ന് ഒരു ചർച്ച അനൗപചാരിക തലത്തിൽ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അത്തരം ചർച്ചകൾ വേണ്ടെന്നാണ് ഹൈക്കമാൻഡ് തീരുമാനിച്ചത്ഒ

രു തെരഞ്ഞെടുപ്പ് മേൽനോട്ട സമിതി ഉണ്ടാക്കുകയും അതിൽ ഉമ്മൻചാണ്ടിയെ അധ്യക്ഷനാക്കുകയും ചെയ്യുന്നതുവഴി അദ്ദേഹത്തിന് തുടർ കാര്യങ്ങളിൽ ശക്തമായ മേൽക്കൈ ലഭിക്കുമെന്നത് തീർച്ച. കൂട്ടായ നേതൃത്വം എന്ന് ഹൈക്കമാൻഡ് ആവർത്തിക്കുമ്പോഴും തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷനായ ഉമ്മൻചാണ്ടിയെ കേന്ദ്രീകരിച്ചായിരിക്കും പ്രവർത്തനങ്ങൾ. യു.ഡി.എഫിന് അധികാരം ലഭിച്ചാൽ ആർക്കാണ് കൂടുതൽ എംഎൽഎമാരുടെ പിന്തുണ ഉണ്ടാകുന്നത് അയാൾ മുഖ്യമന്ത്രിയാകും.

തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷ സ്ഥാനത്ത് എത്തിയതോടെ സ്ഥാനാർത്ഥി നിർണയത്തിൽ ഉമ്മൻചാണ്ടിക്ക് വ്യക്തമായ മേൽക്കൈ ലഭിക്കും. ഈ മേൽക്കൈ പാർലമെന്ററി പാർട്ടിയിൽ ആവർത്തിക്കാൻ ആയാൽ രമേശിന് മുഖ്യമന്ത്രിപദം കിട്ടാക്കനി ആകും. ആശയക്കുഴപ്പം ഉണ്ടെങ്കിലും ഹൈക്കമാൻഡ് അന്ത്യശാസനം ഉള്ളതുകൊണ്ട് നിലവിൽ യോജിച്ചുപോകാൻ ആണ് ഐ ഗ്രൂപ്പിന്റെ തീരുമാനം. കൂട്ടായ നേതൃത്വം എന്നു പറഞ്ഞു നിൽക്കും. എന്നാൽ പ്രതിപക്ഷ നേതാവ് അപ്രസക്തനാണെന്ന വാദത്തോട് ഐ ഗ്രൂപ്പ് യോജിക്കില്ല. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ വിജയം തന്നെയാണ് ഇപ്പോൾ ലക്ഷ്യം എന്നാണ് ഐ ഗ്രൂപ്പ് വൃത്തങ്ങൾ പറയുന്നത്. അതുകൊണ്ടുതന്നെ തൽക്കാലം അണികളും നേതാക്കളും പ്രശ്നമുണ്ടാക്കില്ല.

20-Jan-2021