കൊടുങ്ങല്ലൂരില്‍ കോൺഗ്രസിലെ പോര് നിയമ നടപടികളിലേക്ക്

കൊടുങ്ങല്ലൂർ കോൺഗ്രസിലെ പോര് തെരുവിലേക്കും നിയമനടപടികളിലേക്കും. ഡി.സി.സി ജനറൽ സെക്രട്ടറിയുടെ പരാതിയെ തുടർന്ന് മണ്ഡലം കോൺഗ്രസ് സെക്രട്ടറിക്കെതിരെ പോലീസ് കേസെടുത്തു. ഡി.സി.സി സെക്രട്ടറിയായ ടി.എം നാസറാണ് കൊടുങ്ങല്ലൂർ പോലീസിൽ എടവിലങ്ങ് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയായ വി.സി. ഷംസുവിനെതിരെ പരാതി നല്കിയത്.

തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തെ തുടർന്ന് നിലവിലെ മണ്ഡലം പ്രസിഡന്റ് രാജി വെച്ചിരുന്നു. പകരം നിയമിക്കുന്ന പ്രസിഡന്റിനെ ചൊല്ലിയുള്ള തർക്കത്തിൽ സെക്രട്ടറി വി.കെ ഷംസു ഡി.സി.സി സെക്രട്ടറിയായ ടി.എം നാസറിനെ ആക്ഷേപിച്ചു. തർക്കം നേതാക്കൾ ഇടപെട്ട് പരിഹരിക്കാൻ ശ്രമിച്ചുവെങ്കിലും നടന്നില്ല.

പിന്നീട് പോലീസിന്റെ സാന്നിധ്യത്തിൽ മണ്ഡലം സെക്രട്ടറി മാപ്പു പറയണമെന്ന് ഡി.സി.സി സെക്രട്ടറി ആവശ്യപ്പെട്ടു. ഇതിനും തയ്യാറായില്ല. തുടർന്നാണ് പോലീസ് നടപടിക്കൊരുങ്ങിയത്. സമൂഹ മാധ്യമങ്ങളിലൂടെ ആക്ഷേപിച്ചുവെന്ന കുറ്റം ചുമത്തിയാണ് കേസ്.

20-Jan-2021