കർഷക സമരം ശക്തിപ്പെടുത്താൻ കൂടുതൽ പിന്തുണ നൽകും: സി.പി.ഐ.എം

കർഷക സമരം ശക്തിപ്പെടുത്താനായി കർഷകർക്ക് കൂടുതൽ പിന്തുണ നൽകാൻ സി.പി.ഐ.എം കേന്ദ്രകമ്മിറ്റി യോഗത്തിൽ തീരുമാനം. ഇതിനായി കൂടുതൽ സമരപരിപാടികൾ ആസൂത്രണം ചെയ്യും. വിഷയത്തിൽ പ്രതിപക്ഷ പാർട്ടികൾ പാർലമെന്റിൽ കൂട്ടായി കേന്ദ്രസർക്കാരിനെതിരായി പ്രതിഷേധം തീർക്കുമെന്നും കേന്ദ്രകമ്മറ്റി അഭിപ്രായപ്പെട്ടു.

കേരളം, ബംഗാൾ, തമിഴ്‌നാട്, അസം സംസ്ഥനങ്ങളിലെ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളും യോഗത്തിൽ ചർച്ചയായി. കോൺഗ്രസ് സി.പി.ഐ.എം സഖ്യമുള്ള ബംഗാളിലെ സീറ്റ് വിഭജന ചർച്ചകളും കമ്മിറ്റി വിലയിരുത്തി. അതേസമയം കർഷക സമരത്തിലേക്ക് കൂടുതൽ ആളുകൾ എത്താതിരിക്കാനുളള നടപടികൾ കടുപ്പിച്ചിരിക്കുകയാണ് പൊലീസ്.

സമരകേന്ദ്രങ്ങളിൽ ഇന്ന് വൈകിട്ട് വരെ ഇന്റർനെറ്റ് റദ്ദാക്കിയിട്ടുണ്ട്. അതേസമയം കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്തെ കർഷകർ ഉന്നയിച്ച പ്രശ്‌നങ്ങൾ പഠിക്കാൻ കേന്ദ്രസർക്കാർ ഉന്നതാധികാര സമിതിയെ നിയോഗിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നിയമങ്ങൾ മരവിപ്പിക്കാമെന്ന പ്രധാനമന്ത്രിയുടെ വാഗ്ദാനം കർഷക സംഘടനകൾ ചർച്ച ചെയ്യും. കേന്ദ്രസർക്കാരുമായി തുടർ ചർച്ചകൾ നടത്തുന്ന കാര്യത്തിലും സംഘടനകൾ ഉടൻ തീരുമാനമെടുക്കും.

31-Jan-2021