കോണ്‍ഗ്രസിന് തലവേദനയായി തുടരുന്ന തിരുവനന്തപുരം മണ്ഡലം

കോണ്‍ഗ്രസിലെ ഗ്രൂപ്പ് സമവാക്യവും മുന്നണി രാഷ്ട്രീയവും തമ്മിലുള്ള പോരാട്ടത്തില്‍പ്പെട്ടിരിക്കുകയാണ് തിരുവനന്തപുരം നിയമസഭ മണ്ഡലം. കോണ്‍ഗ്രസിലെ വി എസ് ശിവകുമാറും സിഎംപി ജനറല്‍ സെക്രട്ടറി സി പി ജോണും സീറ്റിന് അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇതോടെ കോണ്‍ഗ്രസ് നേതൃത്വം വെട്ടിലായിരിക്കുകയാണ്.

മുന്‍ ഡിസിസി പ്രസിഡന്റും മുന്‍മന്ത്രിയുമായ വി എസ് ശിവകുമാര്‍ വീണ്ടും തിരുവനന്തപുരത്ത് മത്സരിക്കാന്‍ താല്‍പ്പര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം സീറ്റ് നിഷേധിച്ചാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നാണ് ശിവകുമാര്‍ അറിയിച്ചിരിക്കുന്നത്. അതിനിടെ, പ്രശ്‌നം സങ്കീര്‍ണ്ണമാക്കി, സീറ്റ് സിഎംപിക്ക് നല്‍കുന്നതിനെ എതിര്‍ത്ത് ഏതാനും കെപിസിസി, ഡിസിസി നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.

മുന്നണി സീറ്റ് വിഭജന ചര്‍ച്ചകളുടെ ഭാഗമായിട്ടാണ് സിഎംപി തിരുവനന്തപുരം ആവശ്യപ്പെട്ടത്. സിപി ജോണിനെ നിയമസഭയിലെത്തിക്കണമെന്ന് കോണ്‍ഗ്രസും ആഗ്രഹിക്കുന്നുണ്ട്. ഇരുപക്ഷവും തങ്ങളുടെ നിലപാടി ഉറച്ചു നില്‍ക്കുന്നതോടെ, തെരഞ്ഞെടുപ്പില്‍ മറ്റു മണ്ഡലങ്ങളെ ബാധിക്കാത്ത തരത്തില്‍ പ്രശ്‌നപരിഹാരത്തിനുള്ള സാധ്യതയാണ് കോണ്‍ഗ്രസ് നേതൃത്വം തേടുന്നത്.

ശിവകുമാര്‍ രണ്ടു തവണ നിയമസഭയില്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു. 2021 ല്‍ പരാജയപ്പെടുകയായിരുന്നു. ഒരു തവണ തിരുവനന്തപുരത്ത് നിന്നും ലോക്‌സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുമുണ്ട്. മണ്ഡലത്തിലെ താഴേത്തട്ടിലും, സമുദായിക ഗ്രൂപ്പുകളിലും സ്വാധീനമുള്ള ശിവകുമാറിനെ മത്സരിപ്പിച്ചില്ലെങ്കില്‍ മണ്ഡലം യുഡിഎഫിന് നഷ്ടപ്പെടാന്‍ ഇടയുണ്ടെന്നാണ് ശിവകുമാര്‍ അനുകൂലികള്‍ പറയുന്നത്.

സിഎംപി സ്ഥാപക നേതാവ് എം വി രാഘവന്‍, അന്ന് തിരുവനന്തപുരം വെസ്റ്റ് ആയിരുന്ന മണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധീകരിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ സീറ്റ് പാര്‍ട്ടിക്ക് വേണമെന്ന് സിഎംപി രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്. ഞങ്ങളുടെ സിറ്റിംഗ് സീറ്റായതിനാല്‍ മണ്ഡലത്തിന്മേല്‍ ഞങ്ങള്‍ക്ക് അവകാശമുണ്ട്. പാര്‍ട്ടിക്ക് അനുവദിച്ചാല്‍ ജനറല്‍ സെക്രട്ടറി സി പി ജോണ്‍ സീറ്റില്‍ നിന്ന് മത്സരിക്കും. '' ഒരു സിഎംപി നേതാവ് പറഞ്ഞു.

നേരത്തെ തിരുവമ്പാടി മണ്ഡലത്തില്‍ സി പി ജോണിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസ് ആലോചിച്ചിരുന്നു. എന്നാല്‍ പട്ടാമ്പിയും തിരുവമ്പാടിയും തമ്മിലുള്ള സീറ്റു വെച്ചുമാറ്റ ചര്‍ച്ചകള്‍ക്കിടെ ഈ നീക്കം തടസ്സപ്പെട്ടു. സിഎംപിക്ക് വിജയിക്കാവുന്ന രണ്ട് സീറ്റുകള്‍ നല്‍കുമെന്നും ജോണ്‍ അടുത്ത നിയമസഭയില്‍ എംഎല്‍എയായി ഉണ്ടാകുമെന്നും വി ഡി സതീശന്‍ ഉറപ്പ് നല്‍കിയിരുന്നു. യു ഡി എഫിന്റെ സെക്രട്ടറി കൂടിയാണ് സിപി ജോണ്‍.

09-Mar-2026