കേന്ദ്ര ബജറ്റില്‍ നിന്ന് കേരളത്തിന് അധികം പ്രതീക്ഷിക്കാനില്ല: മന്ത്രി തോമസ് ഐസക്

കേന്ദ്ര ബജറ്റില്‍ നിന്ന് കേരളത്തിന് അധികം പ്രതീക്ഷിക്കാനില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ഫിനാന്‍സ് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കിഫ്ബിക്ക് പാരയുണ്ടാകുമോ എന്നു നോക്കണം. കേരളത്തിന്റെ നികുതി വരുമാനം കുറയുമോ എന്ന് ആശങ്കയുണ്ടെന്നും തോമസ് ഐസക് പറഞ്ഞു.

കേരളത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്ര ധനമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ഉന്നയിക്കുകയും പിന്നീട്, എഴുതി നല്‍കുകയും ചെയ്തിട്ടുണ്ട്. എങ്കിലും വലിയ പ്രതീക്ഷയില്ലെന്നാണ് തോമസ് ഐസക് പറയുന്നത്. നാണ്യവിളകള്‍ക്ക് പിന്തുണ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പരിഗണിക്കാനിടയില്ല. കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ കേന്ദ്രവിഹിതം വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ക്ഷേമ പെന്‍ഷന്റെ കാര്യത്തില്‍ ഉദാരമായ സമീപനമുണ്ടാകുമെന്നാണ് പ്രതീക്ഷ.ആരോഗ്യ-കാര്‍ഷിക മേഖലയില്‍ കൂടുതല്‍ വിഹിതമുണ്ടാകാനാണ് സാധ്യത. അടിസ്ഥാന സൗകര്യവികസനത്തിന് കിഫ്ബി മോഡല്‍ കേന്ദ്ര സര്‍ക്കാരും പരീക്ഷിച്ചേക്കുമെന്നും തോമസ് ഐസക് പറയുന്നു. ഫിനാന്‍സ് കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ചെറിയ ആശങ്കയുണ്ട്. കേരളത്തോടുള്ള റെയില്‍വേ അവഗണനയില്‍ മാറ്റം പ്രതീക്ഷിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ചാനലിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

31-Jan-2021